Monday 14 April 2014

അനന്തരാവകാശികള്‍

അനന്തരാവകാശികള്‍
അനന്തരാവകാശ നിയമങ്ങളെ കുറിച്ച്‌ ഖുര്‍ആനിലും ഹദീസിലും പ്രതിപാദനമുണ്ടോ?
തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫും തിരുനബി (സ്വ) യുടെ ഹദീസുകളും മറ്റും അനന്തരാവകാശ നിയമങ്ങളെ കുറിച്ച്‌ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌.
അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹദീസ്‌ വിശദീകരിക്കാമോ?
ദീനീവിജ്ഞാനം ഭൂലോകത്ത്‌ നിന്നും ഉയര്‍ത്തപ്പെടുകയും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. രണ്ടാളുകള്‍ ഒരനന്തരവകാശ നിയമത്തില്‍ തര്‍ക്കിക്കുമ്പോള്‍ അവര്‍ക്കിടയില്‍ തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടാവുകയില്ല. 
ഈ അറിവ്‌ വിജ്ഞാനത്തിന്റെ പകുതിയാണെന്നും ഖിയാമം നാളാവുമ്പോള്‍ ആദ്യം ഉയര്‍ത്തപ്പെടുന്ന അറിവ്‌ ഇതാണെന്നതും ശരിയാണോ?
ശരിയാണ്‌. ഇത്‌ സംബന്ധമായി ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ശ്രദ്ധിക്കുക. ``നിങ്ങള്‍ അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണം അത്‌ വിജ്ഞാനത്തിന്റെ പകുതിയാണ്‌. വേഗത്തില്‍ മറന്നു പോവുന്നതും എന്റെ സമുദായത്തില്‍ നിന്നും ആദ്യം ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന വിജ്ഞാനവുമാണത്‌''.
ചില കാര്യങ്ങളാല്‍ അനന്തരാവകാശം തടയപ്പെടുമെന്നത്‌ ശരിയാണോ?ഏതാണവ?
ശരിയാണ്‌. അനന്തരാവകാശം തടയുന്ന കാര്യങ്ങള്‍ മൂന്നാണ്‌. 
1.
അനന്തരാവകാശി പൂര്‍ണ്ണമോ ഭാഗികമോ ആയ അടിമയായിരിക്കുക.
2.
കൊലപാതകം : ഒരാള്‍ തന്റെ പിതാവിനെ അല്ലെങ്കില്‍ മകനെ അല്ലെങ്കില്‍ ഭാര്യയെ വധിച്ചാല്‍ കൊല ചെയ്യപ്പെട്ടവന്റെ അനന്തര സ്വത്തില്‍ നിന്നും ഒന്നും തന്നെ ഘാതകന്‌ ലഭിക്കുകയില്ല. 
3.
മതം വ്യത്യസ്‌തമാകല്‍ : ഉദാഹരണത്തിന്‌ ഒരാള്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മകന്‍ അമുസ്‌ലിമാണെങ്കില്‍ മകന്‌ അനന്തരാവകാശം കിട്ടുകയില്ല. 
അനന്തരാവകാശികള്‍ ആരൊക്കെയാണ്‌?
15
പുരുഷന്മാരും 10 സത്രീകളുമാണ്‌ അനന്തരാവകാശികളായി ഇസ്‌ലാം ഗണിച്ചിട്ടുള്ളത്‌.
പുരുഷന്മാര്‍ : 1.മകന്‍ 2. മകന്റെ മകന്‍ (മകന്റെ മകന്റെ മകന്‍.. ഇങ്ങനെ താഴോട്ട്‌)3. പിതാവ്‌ 4. പിതാവിന്റെ പിതാവ്‌ (പിതാവിന്റെ പിതാവിന്റെ പിതാവ്‌..ഇങ്ങനെ മേലോട്ട്‌) 5. ഒരേ മാതാവിനും പിതാവിനും പിറന്ന സഹോദരന്‍ 6. പിതാവ്‌ മാത്രം ഒത്ത സഹോദരന്‍ 7. മാതാവ്‌ മാത്രം ഒത്ത സഹോദരന്‍ 8. മാതാവും പിതാവും ഒത്ത സഹോദരന്റെ പുത്രന്‍ 9. പിതാവൊത്ത സഹോദരന്റെ മകന്‍ 10. മാതാവും പിതാവുമൊത്ത പിതൃവ്യന്‍ 11. പിതാവൊത്ത പിതൃവ്യന്‍ 12. മാതാപിതാവൊത്ത പിതൃവ്യന്റെ മകന്‍ 13. പിതാവൊത്ത പിതൃവ്യന്റെ മകന്‍ 14. ഭര്‍ത്താവ്‌ 15. അടിമയെ മോചിപ്പിച്ചവന്‍
സ്‌ത്രീകള്‍: 1. മകള്‍ 2. മകന്റെ മകള്‍ (മകന്റെ മകന്റെ മകള്‍ ...ഈ നിലയില്‍ താഴോട്ട്‌) 3. മാതാവ്‌ 4. മാതാവിന്റെ മാതാവ്‌ (ഈ രൂപത്തില്‍ മേലോട്ട്‌) 5. പിതാവിന്റെ മാതാവ്‌ (ഈ മാതാവിന്റെ മാതാവ്‌.. എന്നിങ്ങനെ മേലോട്ട്‌) 6. മാതാവും പിതാവും ഒന്നായ സഹോദരി 7. പിതാവ്‌ മാത്രം ഒന്നായ സഹോദരി 8. മാതാവ്‌ മാത്രം ഒത്ത സഹോദരി 9. ഭാര്യ 10. അടിമയെ മോചിപ്പിച്ചവള്‍ (ഇആനത്ത്‌).
ഒരാള്‍ (ഭാര്യ) മരണപ്പെട്ടപ്പോള്‍ അനന്തരം കിട്ടാവുന്ന പുരുഷന്മാരും ജീവിച്ചിരിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ലെന്നത്‌ ശരിയാണോ?
ശരിയാണ്‌. ചിലര്‍ ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ അനന്തരം ഇല്ല (മകന്‍ ഉണ്ടായാല്‍ മകന്റെ മകന്‌ കിട്ടുകയില്ല. പിതാവ്‌ ഉണ്ടായാല്‍ പിതാവിന്റെ പിതാവിന്‌ അനന്തരം ഇല്ല) അഥവാ മേല്‍പ്പറഞ്ഞ പുരുഷന്മാരില്‍ നിന്നും ആകെ മന്ന്‌ പേര്‍ മാത്രമായിരിക്കും സ്വത്തിന്‌ അവകാശി. 1. മകന്‍ 2. പിതാവ്‌ 3. ഭര്‍ത്താവ്‌ (ഇആനത്ത്‌).
ആരാലും തടയപ്പെടാത്ത സ്‌ത്രീകള്‍ ആരൊക്കെയാണ്‌?
മകള്‍, മകന്റെ മകള്‍, ഉമ്മ, ഭാര്യ, മാതാവും പിതാവുമൊത്ത സഹോദരി (ഇആനത്ത്‌).
അഥവാ പിതാവ്‌, മകന്‍, ഭര്‍ത്താവ്‌ എന്നീ മൂന്ന്‌ പുരുഷന്മാരുടെയും മാതാവ്‌, മകള്‍, ഭാര്യ എന്നീ മൂന്ന്‌ സ്‌ത്രീകളുടെയും അനന്തരാവകാശം തടയപ്പെടുകയില്ല. 
അവകാശികളെ എത്രയായി തരം തിരിക്കാം?
രണ്ടായി തരം തിരിക്കാം. 1. ഫര്‍ള്വുകാര്‍ (അഥവാ എട്ടിലൊന്ന്‌, രണ്ടിലൊന്ന്‌ എന്നിങ്ങനെ നിശ്ചിത ഓഹരിയുടെ അവകാശികള്‍)
2.
അസ്വബക്കാര്‍ : അഥവാ നിശ്ചിത ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിഞ്ഞ്‌ ബാക്കി മുഴുവന്‍ സ്വത്തോ നിശ്ചിത ഓഹരിക്കാരില്ലെങ്കില്‍ സ്വത്ത്‌ മുഴുവനായിട്ടോ ലഭിക്കുന്നവര്‍. അഥവാ നിശ്ചിത ഓഹരി ഇല്ലാത്തവര്‍.
ഏതെല്ലാം ഓഹരികളാണ്‌ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌?
ആകെ സ്വത്തിന്റെ പകുതി, നാലിലൊന്ന്‌, എട്ടിലൊന്ന്‌, മൂന്നില്‍ രണ്ട്‌, മൂന്നിലൊന്ന്‌, ആറിലൊന്ന്‌ (ഫത്‌ഹുല്‍ മുഈന്‍)
അനന്തരാവകാശം തടയപ്പെടല്‍ എത്ര തരത്തിലാണ്‌?
രണ്ട്‌ തരത്തില്‍. 1. ഹജ്‌ബുല്‍ ഹിര്‍മാന്‍ (പൂര്‍ണ്ണമായും തടയപ്പെടല്‍). 2. ഹജ്‌ബുല്‍ നുഖ്‌സ്വാന്‍ അഥവാ ഭാഗികമായി തടയപ്പെടല്‍. 
മാതാവിന്റെ പിതാവ്‌, മകളുടെ സന്താനങ്ങള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കാര്‍ക്ക്‌ ഓഹരി ഇല്ലേ?
ഇല്ല. ഇവര്‍ ദവുല്‍ അര്‍ഹാം (അടുത്ത ബന്ധുക്കള്‍) എന്നാണ്‌ അറിയപ്പെടുന്നത്‌. അഥവാ നിശ്ചിത ഓഹരിക്കാരും അസ്വബക്കാരും അല്ലാത്ത അടുത്ത ബന്ധുക്കള്‍. ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഓഹരിക്കാരോ അസ്വബക്കാരോ ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കളായ ദവുല്‍ അര്‍ഹാമുണ്ടെങ്കില്‍ അനന്തരാവകാശം ഇല്ലെന്നാണ്‌ ശാഫിഈ മദ്‌ഹബ്‌. ആ മുതല്‍ ബൈത്തുല്‍ മാലിലേക്ക്‌ നീക്കം ചെയ്യണം. 
ദവുല്‍ അര്‍ഹാം എത്ര പേരാണ്‌?
11
പേരാണ്‌. 1. മകളുടെ സന്താനങ്ങള്‍ 2. സഹോദരിയുടെ സന്താനങ്ങള്‍ 3. സഹോദരന്റെ മകള്‍ 4. പിതൃവ്യന്റെ പെണ്‍മക്കള്‍ 5. മരണപ്പെട്ട വ്യക്തിയുടെ പിതാവിന്റെ മാതാവൊത്ത സഹോദരന്‍ 6. മാതൃസഹോദരന്‍ 7. മാതൃസഹോദരി 8. പിതൃസഹോദരി 9. മാതാവിന്റെ പിതാവ്‌ 10. മാതാവിന്റെ പിതാവിന്റെ മാതാവ്‌ 11. ഉമ്മയൊത്ത സഹോദരന്റെ സന്താനങ്ങള്‍.
പരസ്‌പരം അനന്തരമെടുക്കുന്നവര്‍ ഒരു അപകടത്തില്‍ മരണപ്പട്ടാല്‍ എങ്ങനെയാണ്‌ സ്വത്ത്‌ ഓഹരി ചെയ്യേണ്ടത്‌?
പരസ്‌പരം അനന്തരം എടുക്കുന്ന വ്യക്തികള്‍ -ഉദാഹരണത്തിന്‌ മകന്‍-പിതാവ്‌, ഭാര്യ-ഭര്‍ത്താവ്‌ എന്നിങ്ങനെ - ഒരു അപകടത്തില്‍ കൂട്ടമരണം സംഭവിക്കുകയും ആര്‌ ആദ്യം മരിച്ചു എന്നറിയാതെ വരികയും ചെയ്‌താല്‍ മരണപ്പെട്ടവര്‍ പരസ്‌പരം അനന്തരം എടുക്കുകയില്ല. അവരുടെ സ്വത്ത്‌ ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക്‌ ഉള്ളതാണ്‌. മരണം വ്യത്യസ്‌ത സമയങ്ങളിലാണെന്ന്‌ ബോധ്യപ്പെടുകയും ആദ്യം മരിച്ചയാള്‍ ആരെന്ന്‌ വ്യക്തമാകുകയും ചെയ്‌താല്‍ ആദ്യം മരിച്ചയാളുടെ അനന്തരസ്വത്തില്‍ രണ്ടാമത്‌ മരണപ്പെട്ടയാള്‍ അവകാശിയാകും. രണ്ടാമത്‌ മരിച്ചയാളുടെ അവകാശത്തിന്‌ ആദ്യം മരണപ്പെട്ടയാള്‍ അര്‍ഹനാവുകയില്ല.
അലി (റ) ന്റെ മകള്‍ ഉമ്മുകുല്‍സുമും (റ) മകന്‍ സൈദും ഒരേ ദിവസമാണ്‌ മരണപ്പെട്ടതെന്നും ആദ്യം മരണപ്പെട്ടത്‌ ആരെന്ന്‌ മനസ്സിലാക്കാത്തത്‌ കൊണ്ട്‌ മഹതിയുടെ സ്വത്തില്‍ മകനോ മകന്റെ സ്വത്തില്‍ മഹതിയോ അനന്തരാവകാശിയായില്ലെന്ന്‌ ഹാകിം റിപ്പോര്‍ട്ട്‌ ചെയ്‌ത സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്‌. (അസ്‌നല്‍ മത്വാലിബ്‌)
പരസ്‌പരം അനന്തരം എടുക്കുന്നവര്‍ പിണങ്ങിക്കഴിഞ്ഞവരാണെങ്കില്‍ ഒരാള്‍ മരിച്ചാല്‍ അയാള്‍ സ്വത്തിന്‌ അവകാശിയാകുമോ?
പിണക്കം അനന്തരത്തെ തടയുന്ന ഒന്നല്ല. 
ബിഗ്‌യയില്‍ പറയുന്ന ഒരു മസ്‌അല ശ്രദ്ധിക്കുക: ഒരാള്‍ ഒരു സ്‌ത്രീയെ വിവാഹം ചെയ്‌തു. ഇവളുടെ ശരീരം അവന്‌ തയ്യാറാക്കി കൊടുത്തില്ല. അങ്ങനെ രണ്ടാലൊരാള്‍ മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്നയാള്‍ അനന്തരം എടുക്കും (ബിഗ്‌യ 181).

അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?


അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?

                 ഈ വിഷയത്തില്‍ ഉളുഹിയ്യത്തിന്റെ നിയമം തന്നെയാണ്‌ അഖീഖയുടേയും (അസ്‌നല്‍ മത്വാലിബ്‌, മിന്‍ഹാജ്‌). അപ്പോള്‍ നേര്‍ച്ചയാക്കപ്പെട്ടതല്ലെങ്കില്‍ ഭക്ഷിക്കാവുന്നതാണ്‌. ബറക്കത്തിന്‌ വേണ്ടി അല്‍പം മാത്രമെടുത്ത്‌ ബാക്കി മുഴുവന്‍ ധര്‍മ്മം ചെയ്യലാണ്‌ ഏറ്റവും ഉത്തമം. എടുക്കുന്നത്‌ കരളില്‍ നിന്നാവലും അഖീഖയുടെ മൂന്നില്‍ ഒരു ഭാഗത്തേക്കാള്‍ കവിയാതിരിക്കലും ശ്രേഷ്‌ഠമാണ്‌. നേര്‍ച്ചയാക്കപ്പെട്ടതാണെങ്കില്‍ അറുക്കുന്നവനും അവന്റെ ആശ്രിതരും അതില്‍ നിന്ന്‌ ഒന്നും എടുക്കാന്‍ പാടില്ല. അത്‌ മുഴുവനും പാവപ്പെട്ടവര്‍ക്ക്‌ ധര്‍മ്മം ചെയ്യേണ്ടതാണ്‌. (ഫത്‌ഹുല്‍ മുഈന്‍).

ജംഉം ഖസ്‌റും

കപ്പല്‍ ജോലിക്കാരന്റെ ജംഉം ഖസ്‌റും

                 ഇസ്‌ലാം ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും മതമാണ്‌. ദുരിതങ്ങളും ദുരന്തങ്ങളം സംഭവിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ പ്രത്യേകം പരിഗണിച്ച്‌ സമാശ്വാസവും ലഘൂകരണവും നല്‍കി ഉമ്മത്തിന്‌ വിശാലതയുടെ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന പ്രവണത ഇസ്‌ലാമിലെ നിയമസംഹിതകളില്‍ ധാരാളം കാണാം. ഈ ഇനത്തില്‍ ശ്രദ്ധേയമായ ഒന്നാണ്‌ യാത്രാ വേളകളിലെ ഫര്‍ള്വ്‌ നിസ്‌കാരങ്ങളില്‍ ജംഉം ഖസ്‌റും അനുവദനീയമാക്കിയ ഫിഖ്‌ഹ്‌ നിയമം.
 
തിരുദൂതര്‍ (സ്വ) ഉണര്‍ത്തി: ``യാത്ര ദുരിതമാണ്‌''. അതായത്‌ സ്വദേശം വിട്ടുള്ള പ്രയാണങ്ങള്‍, അപരിചിത സ്ഥലത്ത്‌ കൂടിയുള്ള സഞ്ചാരം, മുന്നറിവില്ലാത്ത സഹയാത്രികര്‍, ഏകാന്തത, അവശ്യവസ്‌തുക്കളുടെ ദൗര്‍ലഭ്യത എന്നിത്യാദി കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സാധാരണക്കാരന്‍ മാനസികമായി പരിഭ്രമചിത്തനാകുമെന്നതില്‍ സന്ദേഹമില്ല.
ഈ സാഹചര്യങ്ങള്‍ മുഖവിലക്കെടുത്ത്‌ അവന്റെ യാത്ര സന്തോഷകരവും ആരാധനകള്‍ സംതൃപ്‌തവുമായിത്തീരുന്നതിന്‌ യാത്രക്കാരന്‌ സോപാധികമായി നല്‍കിയ ഇളവുകളാണ്‌ ജംഉം ഖസ്‌റും. 
അതിന്റെ ഉപാധികള്‍ അനുവദനീയമായ യാത്രയാവുക, വ്യക്തമായ ഉദ്ദേശ്യത്തിന്‌ വേണ്ടിയാവുക, കൃത്യമായ ലക്ഷ്യസ്ഥാനമുണ്ടാവുക, നിശ്ചിത ദൂര പരിധിയുള്ള ദീര്‍ഘയാത്രയാവുക എന്നിവയാണ്‌.
അനുവദനീയമായ യാത്ര എന്നാല്‍ യാത്രാ ലക്ഷ്യം ഹലാലായതായിരിക്കണം. അഥവാ നിര്‍ബന്ധമോ സുന്നത്തോ ആയ കര്‍മ്മങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്ര, കച്ചവടം, ചികിത്സ, വ്യവഹാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്ര. ഇതെല്ലാം അനുവദനീയമായ യാത്രയുടെ ഗണത്തില്‍ പെടും. 
രക്ഷിതാക്കളുടെ സമ്മതമില്ലാത്ത സന്താനങ്ങളുടെ യാത്രയും ഭര്‍ത്താവിന്റെ അനുമതി കൂടാതെയുള്ള ഭാര്യയുടെ യാത്രയും വിവാഹബന്ധം ഹറാമായ രക്തബന്ധമുള്ള പുരുഷന്റെയോ ഭര്‍ത്താവിന്റെയോ സാന്നിദ്ധ്യമില്ലാതെയുള്ള സ്‌ത്രീകളുടെ യാത്രയും ഹറാമായ യാത്രയുടെ ഇനത്തില്‍ പെടും. എന്നാല്‍ വിശ്വസ്‌തായ സ്‌ത്രീയോട്‌ കൂടെയോ സ്വശരീരത്തിന്റെ മേല്‍ നിര്‍ഭയമുണ്ടെങ്കില്‍ തനിച്ചോ നിര്‍ബന്ധമായ ഹജ്ജ്‌ നിര്‍വ്വഹിക്കാനുള്ള യാത്രയും സ്‌ത്രീകള്‍ക്ക്‌ അനുവദനീയമാണ്‌. കടം കൊടുക്കാനുള്ള വ്യക്തി കടം കൊടുക്കപ്പെടേണ്ടയാളുടെ സമ്മതം വാങ്ങാതെയുള്ള യാത്രയും നിരോധിക്കപ്പെട്ട യാത്രയുടെ പട്ടികയിലാണ്‌. അപ്പോള്‍ ഹലാലായ യാത്ര എന്നാല്‍ യാത്രയുടെ മുഴുവന്‍ നിബന്ധനകളും ഒത്തുകൂടിയതായിരിക്കണം എന്ന്‌ത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.
ഈ നിബന്ധനകള്‍ ഒത്ത യാത്രാവാഹനത്തിലെ യാത്രക്കാരെ പോലെ ജോലിക്കാര്‍ക്കും ഖസ്‌റും ജംഉം അനുവദനീയമാണ്‌. ഏകദേശം 132 കിലോമീറ്ററാണ്‌ ദീര്‍ഘയാത്രയില്‍ ജംഉം ഖസ്‌റും അനുവദനീയമാകുന്ന ദൂരപരിധി. എന്നാല്‍ ഏകദേശം 200 കി.മീറ്റര്‍ അധികമുള്ള യാത്രയില്‍ നാല്‌ റക്‌അത്ത്‌ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നതിനേക്കാള്‍ രണ്ട്‌ റക്‌അത്ത്‌ ഖസ്‌റാക്കി നിസ്‌കരിക്കലാണ്‌ ഉത്തമം. അപ്പോഴും ജംആക്കല്‍ അനുവദനീയം തന്നെയാണ്‌. 
കപ്പല്‍ ജോലിക്കാരും കപ്പല്‍ യാത്രക്കാരെ പോലെ തന്നെ ജംഇന്റെയും ഖസ്‌റിന്റെയും ആനുകൂല്യത്തിന്‌ അര്‍ഹതപ്പെട്ടവരാണ്‌. എന്നാല്‍ മൂന്ന്‌ മര്‍ഹല (ഏകദേശം 200 കി.മീറ്റര്‍) ക്കധികം ദൂരമുള്ള യാത്രക്കാര്‍ക്ക്‌ ഖസ്‌ര്‍ പുണ്യമാണെങ്കിലും സ്വകുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന കപ്പിത്താനെ പോലെയുള്ള കപ്പല്‍ ജീവനക്കാര്‍ക്കും സ്വദേശമില്ലാത്തെ സ്ഥിര യാത്രക്കാരനും നാല്‌ റക്‌അത്ത്‌ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നതാണ്‌ ഉത്തമം. 

ഇതു കൂടെ

more