Saturday 14 June 2014

ഖബ്‌റിലെ ചോദ്യം


ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന്‌ ഖുര്‍ആനില്‍ തെളിവുണ്ടോ?
                   ``
പാരത്രിക ജീവിതത്തിലും ലൗകിക ജീവിതത്തിലും ഉറച്ച വചനം കൊണ്ട്‌ സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തുന്നതാണ്‌'' എന്നര്‍ത്ഥം കുറിക്കുന്ന സൂറത്ത്‌ ഇബ്‌റാഹീമിലെ 27-ാം ആയത്ത്‌ ഖബ്‌റിലെ ചോദ്യം സത്യമാണെന്നതിന്‌ തെളിവാണെന്ന്‌ സര്‍വ്വ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്‌. 
എത്ര തവണയാണ്‌ ഖബ്‌റില്‍ ചോദ്യമുണ്ടാവുന്നത്‌?
                  ഇമാം ഖുര്‍ത്വുബി (റ) യുടെയും ഇബ്‌നുല്‍ ഖയ്യിമിന്റെയും അഭിപ്രായം ചോദ്യം ഒരു പ്രാവശ്യമാണെന്നാണ്‌. എന്നാല്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍, സുഹ്‌രി, ത്വാഊസ്‌, അബൂനുഐം (റ) തുടങ്ങിയവരുടെ അഭിപ്രായം ഏഴ്‌ ദിവസം ചോദിക്കപ്പെടുമെന്നാണ്‌. ഇക്കാരണത്താലാണ്‌ സ്വഹാബാക്കള്‍ പരേതന്‌ വേണ്ടി ഏഴ്‌ ദിവസവും മറ്റുള്ളവര്‍ക്ക്‌ ഭക്ഷണം നല്‍കിപ്പോന്നത്‌. മുജാഹിദ്‌ (റ) പറയുന്നു: ഇബ്‌നു ജരീര്‍ (റ) നെ തൊട്ട്‌ ഉദ്ധരണം: വിശ്വാസിയോട്‌ ഏഴ്‌ ദിവസവും മുനാഫിഖിനോട്‌ 40 ദിവസവും ചോദിക്കപ്പെടും. 
ഒരിക്കല്‍ മൂന്ന്‌ തവണ ചോദിക്കുമെന്ന്‌ ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. അല്ലെങ്കില്‍ വ്യക്തികളിലേക്ക്‌ നോക്കി ചോദ്യസമയങ്ങളും വര്‍ദ്ധിക്കും. താഊസ്‌ (റ) പറഞ്ഞത്‌ ഖബാറാളികളെ ഏഴ്‌ ദിവസം നാശത്തില്‍ ആക്കപ്പെടും (ചോദ്യം ചോദിക്കും) എന്നാണ്‌. 
ഖബ്‌റിലെ ചോദ്യത്തിന്‌ ശേഷം വിശ്വാസിക്ക്‌ കിട്ടുന്ന അനുഗ്രഹത്തെ സംബന്ധിച്ച്‌ വീട്ടുകാരെ അറിയിക്കുന്നതിന്‌ വേണ്ടി ഖബ്‌റാളി മലക്കുകളോട്‌ സമ്മതം ചോദിക്കുമെന്നത്‌ ശരിയാണോ?
               ശരി തന്നെയാണ്‌. ഈ വിഷയം കന്‍സുല്‍ ഉമ്മാലിലും ബുശ്‌റല്‍ കഊബിലും വിവരിക്കുന്നുണ്ട്‌. 
ഖബ്‌റാളിയോട്‌ ചോദ്യം ഏത്‌ ഭാഷയിലായിരിക്കും?
                    പണ്ഡിത ഉദ്ധരണികള്‍ പരിശോധിച്ചപ്പോള്‍ മൂന്ന്‌ അഭിപ്രായങ്ങളാണ്‌ ഈ വിഷയത്തില്‍ കാണാന്‍ സാധിച്ചത്‌. ഒന്ന്‌ അറബിയില്‍, രണ്ട്‌ സുരിയാനി ഭാഷയില്‍, മൂന്ന്‌ ഓരോരുത്തരുടെയും ഭാഷയില്‍. ഇത്‌ ഹാശിയത്തുല്‍ ജമലില്‍ നോക്കിയാല്‍ കാണാം. 
ഇത്‌ സംബന്ധമായി അബ്‌ദുല്‍അസീസ്‌ ദബ്ബാഗിനോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരം സംഗ്രഹിക്കാം: ``ഖബ്‌റിലെ ചോദ്യം സുരിയാനി ഭാഷയിലാണ്‌. കാരണം ആ ഭാഷ മലക്കുകളുടെയും ആത്മാക്കളുടെയും ഭാഷയാണ്‌. മലക്കുകളുടെ കൂട്ടത്തില്‍ പെട്ടതാണ്‌ ഖബ്‌റില്‍ ചോദ്യം ചോദിക്കുന്ന മലക്കുകളും. മറ്റ്‌ ആത്മാക്കള്‍ സുരിയാനി ഭാഷയില്‍ സംസാരിക്കുന്നത്‌ പോലെ മയ്യിത്തിന്റെ ആത്മാവും സുരിയാനി ഭാഷയില്‍ മറുപടി നല്‍കും'' (ഇബ്‌രീസ്‌).
ഇആനത്തുത്വാലിബീനിലും മറ്റും ശരിയായ അഭിപ്രായമായി പറഞ്ഞത്‌ ഓരോരുത്തരുടെയും ഭാഷയനുസരിച്ചായിരിക്കും ചോദ്യം എന്നാണ്‌. 
ജിന്നുകളോടും ഖബ്‌റിലെ ചോദ്യം ഉണ്ടാവുമെന്ന്‌ കേട്ടിട്ടുണ്ട്‌. ശരിയാണോ?
ശരിയാണ്‌.സ്വര്‍ഗ്ഗനരകങ്ങളില്‍ പ്രവേശിക്കലും വിചാരണയും ഖബ്‌റിലെ ചോദ്യവും മറ്റും മനുഷ്യരുടേത്‌ പോലെ ജിന്നുകള്‍ക്കും ഉണ്ടാവുമെന്ന്‌ ഫതാവല്‍ ഹദീസിയ്യയില്‍ ഇബ്‌നുഹജര്‍ (റ) പറയുന്നുണ്ട്‌.
രണ്ട്‌ മലക്കുകളും കൂടിയാണോ ചോദിക്കുന്നത്‌ അതോ ഒരാളാണോ?
                              ഇത്‌ സംബന്ധമായി ഇമാം സുയൂഥി (റ) തന്റെ ശറഹുസ്സ്വുദൂറില്‍ ഇപ്രകാരമാണ്‌ പറഞ്ഞത്‌: ഖുര്‍ത്വുബി (റ) പറയുന്നു: ഒരു ഹദീസില്‍ രണ്ട്‌ മലക്കുകള്‍ ചോദിക്കും എന്നും മറ്റൊരു ഹദീസില്‍ ഒരു മലക്ക്‌ ചോദിക്കും എന്നും വന്നിട്ടുണ്ട്‌. ഇവ തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം വ്യക്തികളെ പരിഗണിച്ചാണ്‌ വ്യത്യാസം. ജനങ്ങള്‍ പിരിഞ്ഞ്‌ പോകും നേരം ഒരു വ്യക്തിയുടെ അടുക്കല്‍ രണ്ട്‌ പേര്‍ ഒപ്പം എത്തുകയും രണ്ടു പേരും ഒപ്പം ചോദിക്കലും ഉണ്ടാകും. അവന്‍ ചെയ്‌തുകൂട്ടിയ തെറ്റുകള്‍ക്കനുസരിച്ചുള്ള കാഠിന്യതയാണത്‌. ചിലപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞു പോകുന്നതിന്‌ മുമ്പും വരും. ചില വ്യക്തികളുടെ അടുക്കല്‍ ഒരു മലക്ക്‌ മാത്രവും വന്നേക്കാം. അവന്റെ സല്‍കര്‍മ്മത്തിന്റെ അനന്തരഫലമാണത്‌. രണ്ട്‌ പേര്‍ ഒന്നിച്ചു വരികയും ഒരാള്‍ ചോദിക്കുകയും ആവാം. പ്രസ്‌തുത ഹദീസുകള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഇതാണ്‌. 
കാഫിറിനോട്‌ ഖബ്‌റില്‍ ചോദ്യമില്ലെന്നത്‌ ശരിയാണോ?
                        ഈ വിഷയത്തില്‍ പണ്ഡിതമതം വ്യത്യസ്‌തമാണ്‌. ഇബ്‌നു അബ്‌ദില്‍ ബര്‍റിന്റെ അഭിപ്രായം മുഅ്‌മിനിനോടും മുനാഫിഖിനോടും മാത്രമേ ചോദ്യമുള്ളൂ എന്നാണ്‌. എന്നാല്‍ ഇമാം ഖുര്‍ത്വുബി (റ), ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരുടെ അഭിപ്രായം കാഫിരീങ്ങളോടും ചോദ്യമുണ്ട്‌ എന്ന്‌ തന്നെയാണ്‌. 
വ്യത്യസ്‌ത സ്ഥലങ്ങളിലായി ഒരേ സമയത്ത്‌ മറമാടപ്പെടുന്ന ആളുകള്‍ ഉണ്ടാകുമല്ലോ? അപ്പോള്‍ ഇവരോട്‌ രണ്ട്‌ മലക്കുകള്‍ ഒരേ സമയം ചോദിക്കുന്നതെങ്ങനെയാണ്‌?
                      ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: ഒരൊറ്റ സമയത്തില്‍ വ്യത്യസ്‌തമായ സ്ഥലങ്ങളില്‍ മറമാടപ്പെട്ടവരോട്‌ രണ്ട്‌ മലക്കുകള്‍ എങ്ങനെയാണ്‌ ചോദിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി: ``ഓരോ ഖബ്‌റാളിക്കും തന്നോടാണ്‌ ചോദിക്കപ്പെടുന്നതെന്ന്‌ തോന്നിപ്പിക്കപ്പെടും വിധം മലക്കുകളുടെ ശരീര വലിപ്പം അതിന്‌ സാധ്യമാണ്‌.''. ഇമാം സുയൂഥി (റ) പറയുന്നു: എനിക്ക്‌ പറയാനുള്ളത്‌ സംരക്ഷകരായ മലക്കുകള്‍ ധാരാളമുള്ളത്‌ പോലെ ചോദ്യം ചോദിക്കുന്നതിന്‌ വേണ്ടി തയ്യാറാക്കപ്പെട്ട മലക്കുകള്‍ പലരാണെന്ന്‌ വെക്കണം. ഈ അഭിപ്രായം ശാഫിഈ പണ്ഡിതരില്‍ പെട്ട ഹലീമി പറഞ്ഞതായി പിന്നീട്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അദ്ദേഹം പറയുന്നു: ചോദ്യം കൊണ്ട്‌ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ ധാരാളം സംഘമുണ്ട്‌. ചിലര്‍ക്ക്‌ മുന്‍കര്‍ എന്നും മറ്റു ചിലര്‍ക്ക്‌ നകീര്‍ എന്നും പറയും (ശറഹുസ്സ്വുദൂര്‍ 144).
മുഅ്‌മിനീങ്ങളോട്‌ ചോദിക്കുന്ന മലക്കുകള്‍ക്ക്‌ വേറെ പേരുണ്ടെന്നത്‌ ശരിയാണോ?
                      ശാഫിഈ പണ്ഡിതരില്‍ പെട്ട ഇബ്‌നു യൂനുസ്‌ പറയുന്നത്‌ മുഅ്‌മിനീങ്ങളോട്‌ ചോദിക്കുന്ന മലക്കുകളുടെ പേര്‍ മുബശ്ശിര്‍ എന്നും ബശീര്‍ എന്നുമാണ്‌ (ശറഹുസ്സ്വുദൂര്‍ 44).
മറ്റൊരു സ്ഥലത്തേക്ക്‌ കൊണ്ടുപോയി മറമാടാന്‍ വേണ്ടി പെട്ടിയിലാക്കപ്പെട്ട മയ്യിത്തിനോട്‌ മറമാടാതെ ചോദിക്കപ്പെടുകയില്ലെന്നത്‌ ശരിയാണോ?
ശരിയാണെന്ന്‌ ശറഹുസ്സ്വുദൂര്‍ 146 ല്‍ കാണാം.
കള്ള്‌ കുടിച്ച്‌ മസ്‌തായി മരണപ്പെട്ട വ്യക്തി മസ്‌തുള്ളവനായിട്ടാണ്‌ മലക്കുകളെ കാണുക എന്നത്‌ ശരിയാണോ?
                       അനസ്‌ (റ) നെ തൊട്ട്‌ ഉദ്ധരണം: അവന്‍ മരണത്തിന്റെ മലക്കിനെ കാണുന്നതും മുന്‍കര്‍ നകീറിനെ കാണുന്നതും മസ്‌തുള്ളവനായിട്ടായിരിക്കും (ശറഹുസ്സ്വുദൂര്‍ 146)

ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ മരണപ്പെട്ടവര്‍ക്ക്‌ ഖബ്‌റില്‍ ചോദ്യം ഇല്ല എന്നുള്ളത്‌ ശരിയാണോ?

ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ മരണപ്പെട്ടവര്‍ക്ക്‌ ഖബ്‌റില്‍ ചോദ്യം ഇല്ല എന്നുള്ളത്‌ ശരിയാണോ?
                 ശരിയാണ്‌. ഖുര്‍ആന്‍ അവതീര്‍ണ്ണമായ ലൈലത്തുല്‍ ഖദ്‌റിലും പെരുന്നാള്‍ പോലെ ശ്രേഷ്‌ഠമാക്കപ്പെട്ട സമയങ്ങിലും മരണപ്പെട്ടവരുടെ ഖബ്‌റിലെ ചോദ്യം ഉയര്‍ത്തപ്പെടുമെന്നും പിന്നീട്‌ ഉണ്ടാവാനും സാധ്യത ഇല്ലെന്നും റൂഹുല്‍ ബയാനില്‍ കാണാം. 

ഇതു കൂടെ

more