Showing posts with label ഇദ്ദ. Show all posts
Showing posts with label ഇദ്ദ. Show all posts

Saturday, 8 March 2014

ഇദ്ദ


ഇദ്ദ

ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഇദ്ദ ഇരിക്കുക എന്നാല്‍ എന്താണ്‌?
               ഗര്‍ഭാശയം ശൂന്യമാണെന്ന്‌ അറിയാനോ അതല്ലെങ്കില്‍ തഅബ്ബുദ്‌ (ബുദ്ധിക്കും യുക്തിക്കും അതീതമായ മതകല്‍പന) എന്ന നിലയിലോ ഭര്‍ത്താവിന്റെ വേര്‍പാടില്‍ ദുഃഖിതയായി നാല്‌ മാസവും പത്ത്‌ ദിവസവും നിശ്ചിത നിബന്ധനകള്‍ക്ക്‌ വിധേയമായി കഴിഞ്ഞ്‌ കൂടുന്നതിനാണ്‌ ഇദ്ദ എന്ന്‌ പറയുന്നത്‌ (ഫത്‌ഹുല്‍ മുഈന്‍).
ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ എത്ര ദിവസം ഇദ്ദ ഇരിക്കണം?
                   ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ ഇദ്ദയിരിക്കണം. ഗര്‍ഭിണിയല്ലെങ്കില്‍ നാല്‌ മാസവും പത്ത്‌ ദിവസവും ഇദ്ദയിരിക്കണം. (അസ്‌നല്‍ മതാലിബ്‌).
കല്ലായി കോലം മറിക്കപ്പെട്ട ഭര്‍ത്താവിന്റെ പേരില്‍ ഇദ്ദ ഇരിക്കണോ?
മരണത്തിന്റെ ആശയത്തില്‍ പെട്ടതാണ്‌ കല്ലായി കോലം മറിക്കല്‍. (അസ്‌നല്‍ മതാലിബ്‌).
മാസം പരിഗണിക്കുന്നത്‌ ഇംഗ്ലീഷ്‌ കണക്കാണോ അറബി കണക്കാണോ?
             അറബി കണക്ക്‌ പ്രകാരമാണ്‌. അഥവാ ചന്ദ്ര മാസ കണക്ക്‌ പ്രകാരം. 

ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഇദ്ദ ഇരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
              ഭംഗിയുള്ള വസ്‌ത്രങ്ങളും സുഗന്ധങ്ങളും രാത്രിയിലാണെങ്കില്‍ പോലും ഒഴിവാക്കണം. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്‌ തുടങ്ങി ലോഹങ്ങള്‍ കൊണ്ടോ മറ്റോ നിര്‍മ്മിതമായ ഏത്‌ ആഭരണങ്ങളും ഒഴിവാക്കണം. ചെറിയ മോതിരമായാലും പുറത്ത്‌ വെളിവാകാത്ത തരത്തില്‍ വസ്‌ത്രത്തിന്‌ താഴെയാണെങ്കിലും അവ ഒഴിവാക്കണം. കറുത്തവളാണെങ്കിലും ശരി കണ്ണെഴുതല്‍, സുറുമ ഇടല്‍ ഒഴിവാക്കണം. തലമുടിയിലും താടിരോമമുണ്ടെങ്കില്‍ അതിലും എണ്ണ തേക്കാന്‍ പാടില്ല. തലയല്ലാത്ത മറ്റു സ്ഥലങ്ങളില്‍ എണ്ണ തേക്കല്‍ കുഴപ്പമില്ല. ഭര്‍ത്താവ്‌ മരണപ്പെടുമ്പോള്‍ അവളുണ്ടായിരുന്ന ഭവനത്തില്‍ തന്നെ കഴിഞ്ഞുകൂടണം. സ്വശരീരം തന്റെ കുട്ടി, സമ്പത്ത്‌, എന്നിവയുടെ മേല്‍ ഭയപ്പെട്ടതിന്റെ പേരിലോ വീട്‌ പൊളിയല്‍, തീ പിടിത്തം, കള്ളന്റെ ശല്യം, അയല്‍വാസികള്‍ മുഖേനെയുള്ള ബുദ്ധിമുട്ട്‌ തുടങ്ങിയ കാരണങ്ങളാല്‍ ഇദ്ദക്കാരിക്ക്‌ വീട്‌ മാറിത്താമസിക്കല്‍ അനുവദനീയമാണ്‌ (തുഹ്‌ഫ, ഫത്‌ഹുല്‍ മുഈന്‍).
ആരേയും കാണാത്ത രൂപത്തില്‍ ഇടുങ്ങിയ മുറിയില്‍ കഴിഞ്ഞു കൂടുന്ന രൂപം ഇദ്ദയ്‌ക്കുണ്ടോ?
             ഈ രൂപം ഇസ്‌ലാമിലില്ല. എന്നാല്‍ ജാഹിലിയ്യ കാലത്ത്‌ ഭര്‍തൃ വിയോഗ ഇദ്ദക്ക്‌ വിചിത്രമായ ചില രൂപങ്ങള്‍ ഉണ്ടായിരുന്നതായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌. ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഒരു ഇടുങ്ങിയ മുറിയില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്‌ത്രം മാത്രമേ ധരിക്കാവൂ. ഇങ്ങനെ ഒരു വര്‍ഷം ആ ഇടുങ്ങിയ മുറിയില്‍ കഴിയണം. വര്‍ഷം തികയുമ്പോള്‍ കഴുതയെയോ ആടിനെയോ പക്ഷിയെയോ അവള്‍ക്ക്‌ നല്‍കപ്പെടും. അവകളെ തടവി അല്ലെങ്കില്‍ അവകളെ കൊണ്ട്‌ അവളുടെ ശരീരം തടവി അതല്ലെങ്കില്‍ അവകളെ കൊണ്ട്‌ അവളുടെ നഗ്നതയില്‍ സ്‌പര്‍ശിച്ച്‌ ഇദ്ദ തീര്‍ക്കും. ഇതിന്‌ ശേഷം അവള്‍ പുറത്തു വരുമ്പോള്‍ ഒട്ടകത്തിന്റെയോ മറ്റു ജീവിയുടെയോ ഉണക്കക്കാഷ്‌ടം അവള്‍ക്ക്‌ കൊടുക്കപ്പെടുകയും അവള്‍ അത്‌ തന്റെ മുന്നിലേക്ക്‌ എറിയും. ഇതോടെ അവളുടെ ഇദ്ദ അവസാനിക്കും. ഇതായിരുന്ന ജാഹിലിയ്യ കാലഘട്ടത്തിലെ ഭര്‍തൃവിയോഗ ഇദ്ദ. മുമ്പൊക്കെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരണം വരിക്കണമെന്ന `സതി' എന്ന ദുരാചാരവും നില നിന്നിരുന്നുവല്ലോ? ഇതിനെ അപേക്ഷിച്ച്‌ ഇസ്‌ലാമിന്റെ ഇദ്ദ എത്ര ലളിതമാണ്‌. 
ഭര്‍ത്താവിന്റെ മരണത്താല്‍ ഇദ്ദ ഇരിക്കുന്ന സ്‌ത്രീ മൈലാഞ്ചി ഇടല്‍ തെറ്റാണോ?
          തെറ്റാണെന്ന്‌ ശര്‍ഹുല്‍ മുഹദ്ദബില്‍ ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്‌.
എന്താണ്‌ ഇഹ്‌ദാദ്‌?
               ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ ഭംഗിയാകല്‍, സുഗന്ധം ഉപയോഗിക്കല്‍, ആഭരണമണിയല്‍, ഭംഗിയുള്ള വസ്‌ത്രം ധരിക്കല്‍, മൈലാഞ്ചിയിടല്‍, സുറുമയിടല്‍, കണ്‍മഷിയിടല്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനാണ്‌ ഇഹ്‌ദാദ്‌ എന്ന്‌ പറയുന്നത്‌. ഇതിന്‌ ചടഞ്ഞിരിക്കല്‍ എന്നും പറയാം.
ചടഞ്ഞിരിക്കേണ്ട സ്‌ത്രീ കന്യകയോ ചെറുപ്പമോ ആയാലും വിധി ഒന്നാണോ?
ഭര്‍ത്താവുമായി ലൈംഗികമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ചെറുപ്പമായാലും അല്ലെങ്കിലും എല്ലാം വിധി ഒന്ന്‌ തന്നെയാണ്‌ (ശറഹ്‌മുസ്‌ലിം).
ഭര്‍ത്താവിന്റെ പേരിലുള്ള ഇഹ്‌ദാദിന്റെ വിധി എന്ത്‌?
അത്‌ നിര്‍ബന്ധമാണ്‌. (ശര്‍ഹ്‌ മുസ്‌ലിം)
ഭംഗിയാകല്‍ ഒഴിവാക്കുന്നത്‌ എന്തിനാണ്‌?
              ഒരു സ്‌ത്രീ സൗന്ദര്യം പ്രകടിപ്പിക്കേണ്ടത്‌ തന്റെ ഭര്‍ത്താവിന്റെ മുന്നിലാണ്‌. എത്രത്തോളം അവള്‍ക്ക്‌ ഭര്‍ത്താവിന്‌ വേണ്ടി ഭംഗിയാകാമോ അത്രത്തോളം അവള്‍ക്ക്‌ ഭംഗിയാകാം. തന്നോടൊപ്പം കഴിഞ്ഞ, തന്റെ സൗന്ദര്യം ആസ്വദിച്ചിരുന്ന ഭര്‍ത്താവ്‌ മരണപ്പെടുമ്പോള്‍ ഇഹ്‌ദാദിന്റെ ഭാഗമായി അതിന്റെ നേരെ എതിര്‌ നിയമമാക്കപ്പെട്ടതാണ്‌. 
ഭര്‍ത്താവല്ലാത്തവരുടെ മേല്‍ ഇഹ്‌ദാദ്‌ അനുവദനീയമാണോ?
               മകന്‍, പിതാവ്‌, സഹോദരന്‍ തുടങ്ങിയവര്‍ മരണപ്പെടുമ്പോഴും ഇഹ്‌ദാദ്‌ അനുവദനീയമാണ്‌. പക്ഷേ, മൂന്ന്‌ ദിവസത്തില്‍ കൂടാന്‍ പാടില്ല. നബി (സ്വ) തങ്ങള്‍ പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്‌ത്രീക്ക്‌ തന്റെ ഭര്‍ത്താവല്ലാത്ത മറ്റൊരാളുടെ പേരില്‍ മൂന്ന്‌ ദിവസത്തേക്കാള്‍ കൂടുതല്‍ ഇഹ്‌ദാദ്‌ അനുവദനീയമല്ല. 
ഇത്‌ അല്‍പം കടന്ന നിയമമാണെന്ന്‌ ചിലരെങ്കിലും പറയുന്നു?
അല്ലാഹുവും റസൂലും പറഞ്ഞതിനെ നിസ്സാരവല്‍ക്കരിക്കുന്നത്‌ ദീനില്‍ നിന്നും പുറത്താകാന്‍ കാരണമാണ്‌. ഇസ്‌ലാം ഇത്‌ നിയമമാക്കുന്നതിന്‌ മുമ്പ്‌ ഒരു കൊല്ലമാണ്‌ ഈ ഇഹ്‌ദാദ്‌ നടന്ന്‌ വന്നിരുന്നത്‌ എന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക. 

ഇതു കൂടെ

more