Friday, 6 December 2013

ഖബര്‍കെട്ടിപ്പൊക്കുന്നതിന്‌ ഇസ്‌ലാമികമായി വല്ല അടിസ്ഥാനവുമുണ്ടോ?

ഖബര്‍കെട്ടിപ്പൊക്കുന്നതിന്‌ ഇസ്‌ലാമികമായി വല്ല അടിസ്ഥാനവുമുണ്ടോ? ഉണ്ടെങ്കില്‍ അത്‌ പ്രാമാണികമായി വിശദീകരിക്കാമോ?

            അല്ലാഹു പവിത്രത നല്‍കിയവയെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന്‌ ഗുണകരമായിരിക്കും. (അല്‍ ഹജ്ജ്‌-30) അല്ലാഹു പവിത്രത നല്‍കിയ വരാണ്‌ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത്തുക്കള്‍. അവരെ ആദരിക്കുന്നതില്‍ പെട്ടതാണ്‌ അവരുടെ ഖബറിന്‌ മുകളില്‍ ജാറങ്ങള്‍ നിര്‍മ്മിക്കലും മരം കൊണ്ട്‌ താബൂത്ത്‌ (പെട്ടി) ഉണ്ടാക്കി അവരുടെ ഖബറിനു മുകളില്‍ വെക്കലും. സാധാരണക്കാര്‍ അവരെ അനാദരിക്കാതിരിക്കാന്‍ വേണ്ടിയാണ്‌. (കശ്‌ഫുന്നൂര്‍ അന്‍ അസ്‌ഹാബില്‍ ഖൂബൂര്‍ 13) മുസ്‌ഹഫിനെ സ്വര്‍ണ്ണം കൊണ്ടും വെള്ളി കൊണ്ടും അലങ്കരിക്കല്‍ അനുവദനീയമാണ്‌. അവിടെയും പണ്ഡിതന്‍മാര്‍ പറഞ്ഞകാരണം അതിനെ ആദരിക്കാനെന്നതാണ്‌. ജൂതന്‍മാരും, ക്രിസ്‌ത്യാനികളും അവരുടെ ആരാധനാലയങ്ങള്‍ മോഡിപിടിപ്പിച്ചത്‌ പോലെ നിങ്ങളും നിങ്ങളുടെ പള്ളികള്‍ മോഡി പിടിപ്പിക്കുന്നതാണ്‌ എന്ന ഇബ്‌നു അബ്ബാസില്‍ നിന്ന്‌ ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ്‌ ഉദ്ധരിച്ച്‌ പണ്ഡിതന്മാര്‍ പറയുന്നു. പള്ളികള്‍ മോഡി പിടിപ്പിക്കുന്നത്‌ കറാഹത്താണ്‌. എന്നാല്‍ അത്‌ പള്ളിയെ ആദരിച്ചുകൊണ്ടാണെങ്കില്‍ അനുവദനീയവുമാണ്‌. (സകരിയ്യല്‍ അന്‍സാര്‍, തുഹ്‌ഫതുല്‍ ബാരി 1/334) ഇവിടെയെല്ലാം അല്ലാഹു പവിത്രത നല്‍കിയവയെ ബഹുമാനിക്കുന്നതാണ്‌ നാം കാണുന്നത്‌. നബി (സ) തങ്ങളുടെയും അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരുടെയും ഖബറുകള്‍ സുന്ദരമായി കെട്ടിപ്പൊക്കിയ കെട്ടിടത്തിനകത്താണ്‌ (റൗളാ ശരീഫ്‌). ലോകമുസ്‌ലിംകള്‍ അവിടെ സന്ദര്‍ശിക്കുകയും പുണ്യം നേടുകയും ചെയ്യുന്നു. അതു തെറ്റാണെന്ന്‌ അംഗികൃത പണ്ഡിതരില്‍ ആരും ഇതു വരെ പറഞ്ഞിട്ടില്ല. മുസ്‌ലിംകള്‍ നന്മയായി അംഗീകരിച്ചത്‌ അല്ലാഹുവിങ്കലും നന്മയാണ്‌. (മുസ്‌നദ്‌, ഇമാം അഹ്‌മദ്‌ ബ്‌നു ഹമ്പല്‍) ലോകസഞ്ചാരിയായ ഇബ്‌നു ബതൂത്ത തന്റെ യാത്രാവിവരണത്തില്‍ പറയുന്നു. സ്വര്‍ഗ്ഗം കൊണ്ട്‌ സുവിശേഷം അറിയിക്കപ്പെട്ട 10 പേരില്‍ നിന്നുള്ള ത്വല്‍ഹത്ത്‌ ബ്‌നു ഉബൈദുള്ള (റ) യുടെ ഖബര്‍ ബസറയിലുണ്ട്‌. അതിനു മുകളില്‍ കെട്ടിപ്പൊക്കപ്പെട്ട ഖുബ്ബയുമുണ്ട്‌. അവിടുത്തുകാര്‍ ആ ഖബറിനെ അങ്ങേയറ്റം ആദരിക്കുന്നുമുണ്ട്‌. അവര്‍ സുന്നത്ത്‌ ജമാഅത്തിന്റെ ആശയം ഉള്‍ക്കൊണ്ടവര്‍ തന്നെയാണ്‌.അവിടെ മറ്റുപലമഹാന്മാരുടെയും ഖബറുകളുമുണ്ട്‌. അതെല്ലാം തന്നെ കെട്ടിപ്പൊക്കിയതും ഓരോജാറത്തിലും അതില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്റെ പേരും എഴുതപ്പെട്ടിരിക്കുന്നു. (രിഹ്‌ല-183). ഹിജ്‌റ എട്ടാം കൊല്ലം മുഹാജിറുകളില്‍നിന്ന്‌ ആദ്യമായി മരിച്ച ഉസ്‌മാനുബ്‌നു മള്‌ഊനിന്റെ ഖബര്‍ കെട്ടിപ്പൊക്കിയതായിരുന്നു എന്ന്‌ ബുഖാരിയില്‍ കാണാം. നബി (സ) തങ്ങളുടെയും അബൂബക്കര്‍ (റ)ന്റെയും ഉമര്‍ (റ) ന്റെയും കാലം കഴിഞ്ഞ്‌ ഉസ്‌മാന്‍ (റ) ന്റെ കാലഘട്ടത്തില്‍ അത്‌ അങ്ങിനെ തന്നെ നിലനിന്നു. സുപ്രധാനഗ്രന്ഥമായ തുഹ്‌ഫയില്‍ ഇബ്‌നു ഹജര്‍ പറയുന്നു. മഹത്തുക്കളുടെ ഖബര്‍ കെട്ടിപ്പൊക്കല്‍ പുണ്യമാണ്‌. (തുഹ്‌ഫ 7-6)
            മുല്ലാ അലിയ്യുല്‍ ഖാരി തന്റെ മിര്‍ഖാത്തില്‍ പറയുന്നു. മുന്‍ഗാമികള്‍ മശാഇഖുകളുടെയും മഹത്തുക്കളുടെയും ഖബ്‌റുകള്‍ക്ക്‌ മേല്‍ ഖുബ്ബ നിര്‍മ്മിക്കല്‍ അനുവദിച്ചിരിക്കുന്നു. ജനങ്ങള്‍ അവരെ സിയാറത്ത്‌ ചെയ്യാനും സിയാറത്തിന്‌ വരുന്നവര്‍ക്ക്‌ വിശ്രമിക്കാനും വേണ്ടി. (മിര്‍ഖാത്ത്‌ 3/12-17)

No comments:

Post a Comment

ഇതു കൂടെ

more