Wednesday, 23 July 2014

ജീവിച്ചിരിക്കുന്നവരുടെ സംസാരം ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെന്നത്‌ ശരിയാണോ?


ജീവിച്ചിരിക്കുന്നവരുടെ സംസാരം ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെന്നത്‌ ശരിയാണോ?
          തെറ്റാണ്‌. കാരണം നിരവധി ഹദീസുകള്‍ കൊണ്ട്‌ മരിച്ചവര്‍ കേള്‍ക്കും എന്ന്‌ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഇമാം ബുഖാരി (റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീസ്‌ ഇങ്ങനെ സംഗ്രഹിക്കാം. ബദ്‌റില്‍ കൊല്ലപ്പെട്ടവരുടെയും അവരുടെ പിതാക്കന്മാരുടെയും പേരെടുത്ത്‌ അവരോട്‌ നബി (സ്വ) ചോദിച്ചു: അല്ലാഹുവിനും അവന്റെ റസൂലിനും നിങ്ങള്‍ വഴിപ്പെടുന്നത്‌ നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ? ഞങ്ങളുടെ റബ്ബ്‌ ഞങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തത്‌ യാഥാര്‍ത്ഥ്യമായി ഞങ്ങള്‍ക്ക്‌ പുലര്‍ന്നു. നിങ്ങളുടെ റബ്ബ്‌ വാഗ്‌ദാനം ചെയ്‌തത്‌ നിങ്ങള്‍ക്ക്‌ ലഭിച്ചുവോ? അപ്പോള്‍ഉമര്‍ (റ) ചോദിച്ചു: ആത്മാക്കളില്ലാത്ത ശരീരങ്ങളോടാണോ അങ്ങ്‌ സംസാരിക്കുന്നത്‌?. തിരുനബി (സ്വ) പ്രതിവചിച്ചു: ഞാന്‍ പറയുന്നത്‌ നിങ്ങളേക്കാളും അവര്‍ കേള്‍ക്കും. ഇത്‌ ഖബ്‌റാളികള്‍ കേള്‍ക്കുമെന്നതിന്‌ വ്യക്തമായ തെളിവാണ്‌. ഈ ഹദീസ്‌ ഇമാം മുസ്‌ലിം (റ) ഉം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. 
അതുപോലെ രണ്ട്‌ മലക്കുകള്‍ വന്ന്‌ ഖബ്‌റാളിയോട്‌ ചോദിക്കുമ്പോള്‍ ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെങ്കില്‍ പിന്നെ ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണ്‌ ഉള്ളത്‌? ബുഖാരി (റ) യും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ ഇങ്ങനെ കാണാം: ``ഒരാളെ ഖബ്‌റില്‍ വെച്ച്‌ (മറമാടിയ ശേഷം) തന്റെ കൂട്ടുകാര്‍ അവനെയും വിട്ടുപിരിയുമ്പോള്‍ അവരുടെ ചെരിപ്പടി ശബ്‌ദം ഖബ്‌റാളി കേള്‍ക്കുക തന്നെ ചെയ്യും''. ഇബ്‌നു ഖയ്യിം അബൂദാവൂദിന്റെ വ്യാഖ്യാനത്തിലും ``റൂഹ്‌'' എന്ന ഗ്രന്ഥത്തിലും മറ്റു പലതിലും മരിച്ചവര്‍ കേള്‍ക്കും എന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌. 
``
തീര്‍ച്ചയായും അങ്ങ്‌ മരിച്ചവരെ കേള്‍പ്പിക്കുകയില്ല'' ഈ ഖുര്‍ആനിക വചനം മരിച്ചവര്‍ കേള്‍ക്കുകയില്ലെന്നതിന്‌ വ്യകതമായ തെളിവല്ലേ?
ഇതിന്‌ പണ്ഡിത മഹത്തുക്കള്‍ പല രീതിയിലും വ്യാഖ്യാനം നല്‍കിയിട്ടുണ്ട്‌. ഒന്ന്‌ മാത്രം കുറിക്കാം: ഹൃദയം മരിച്ചവരെ താങ്കള്‍ക്ക്‌ കേള്‍പ്പിക്കാന്‍ കഴിയില്ല അഥവാ ഹിദായത്ത്‌ റബ്ബാണ്‌ നല്‍കുന്നത്‌ താങ്കളല്ല എന്നര്‍ത്ഥം. അല്ലാതെ ഖബ്‌റാളികളെ കുറിച്ചല്ല പരാമര്‍ശം.
ചില മയ്യിത്തുകള്‍ ഖബ്‌റില്‍ ജീര്‍ണ്ണിക്കുകയോ നശിക്കുകയോ ചെയ്യുകയില്ലെന്നത്‌ ശരിയാണോ?
അമ്പിയാക്കളുടെ ശരീരം മണ്ണ്‌ തിന്നുകയില്ലെന്ന്‌ അബൂദാവൂദ്‌, നസാഈ, ഇബ്‌നു മാജ, ദാരിമി, ബൈഹഖി തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്‌. നബി (സ്വ) പറഞ്ഞു: ``നിശ്ചയം അമ്പിയാക്കളുടെ ശരീരം ഭൂമി ഭക്ഷിക്കല്‍ അല്ലാഹു ഹറാമാക്കിയിരിക്കുന്നു''. 
ആദം നബി (അ) യെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറ്റൊരിടത്ത്‌ മറമാടിയതും അതുപോലെ യൂസുഫ്‌ നബി (അ) യേയും മറ്റൊരിടത്തേക്ക്‌ മാറ്റി വീണ്ടും മറമാടിയതായി ചരിത്രങ്ങളില്‍ കാണാം. പ്രവാചകന്മാര്‍ക്ക്‌ മാത്രമുള്ള പ്രത്യേകതയല്ല മേല്‍പറഞ്ഞത്‌. കാരണം സ്വഹാബിവര്യന്‍ ത്വല്‍ഹത്ത്‌ (റ) നെ 30 കൊല്ലങ്ങള്‍ക്ക്‌ ശേഷം ഖബ്‌റില്‍ കണ്ടതായി സ്ഥിരപ്പെട്ടിട്ടുണ്ട്‌. 
അതുപോലെ ഉഹ്‌ദില്‍ 70 പേര്‍ രക്തസാക്ഷികളായി. രണ്ട്‌ പേരെ വീതം ഒരു ഖബ്‌റില്‍ മറമാടാന്‍ നബി (സ്വ) അനുമതി നല്‍കുകയും ചെയ്‌തു. അബ്‌ദുല്ലാഹി ബ്‌നു അംറ്‌ (റ), അംറ്‌ ബ്‌നുല്‍ ജമൂഹ്‌ എന്നിവരെ ഒരു ഖബ്‌റിലാണ്‌ മറമാടിയത്‌. അവരില്‍ ഒരാള്‍ക്ക്‌ ഒരു മുറിവേറ്റിരുന്നു. 46 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മറ്റൊരിടത്തേക്ക്‌ അവരെ മാറ്റി മറമാടേണ്ട ഘട്ടം വന്നപ്പോള്‍ ഖബ്‌ര്‍ തുറന്നു നോക്കി. അവര്‍ക്ക്‌ യാതൊരു വ്യത്യാസവും വന്നിട്ടില്ല. മുറിവ്‌ പൊത്തിപ്പിടിച്ച കൈ എടുത്തു മാറ്റിയപ്പോള്‍ അതില്‍ നിന്നും രക്തം ഒലിച്ചു. കൈ വീണ്ടും അങ്ങോട്ട്‌ തന്നെ മടക്കിയപ്പോള്‍ ചോര നിലച്ചു''. ഈ വിഷയം മാലിക്‌ (റ) തന്റെ മുവത്വഅ്‌ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌.
മുആവിയ (റ) ന്റെ ഭരണകാലഘട്ടത്തില്‍ ചില ഖബ്‌റുകള്‍ക്കരികില്‍ നടത്തിയ പുരോഗമന പ്രവര്‍ത്തനത്തിന്റെ ഇടയില്‍ ഹംസ (റ) ന്റെ കാലില്‍ ആയുധം കൊണ്ട്‌ മുറിയുകയും ചോര ഒലിക്കുകയും ചെയ്‌ത സംഭവം ഔജസുല്‍ മസാലിക്കില്‍ ഉദ്ധരിക്കുന്നതായി കാണാം. 
മദ്‌ഹബിന്റെ ഇമാമായ അഹ്‌മദ്‌ ബ്‌നു ഹന്‍ബല്‍ (റ) ന്റെ സമീപത്തായി മഹത്തുക്കളില്‍ പെട്ട ഒരാളെ മറമാടുന്നതിന്‌ വേണ്ടി ഖബ്‌ര്‍ കുഴിച്ചപ്പോള്‍ അഹ്‌മദ്‌ ബ്‌നു ഹന്‍ബല്‍ (റ) ന്റെ ഭൗതിക ശരീരം വെളിവായി. അദ്ദേഹത്തിനോ കഫന്‍ തുണിക്കോ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ല. ഇത്‌ നടക്കുന്നത്‌ അദ്ദേഹം വഫാത്തായി 230 കൊല്ലങ്ങള്‍ക്ക്‌ ശേഷമാണ്‌. ഈ വിഷയം മുല്ലാ അലിയ്യുല്‍ ഖാരി (റ) മിര്‍ഖാത്തില്‍ പറയുന്നുണ്ട്‌. ഇങ്ങനെ നിരവധി തെളിവുകള്‍ ഈ വിഷയത്തില്‍ നിരത്താന്‍ സാധിക്കും.

ഇസതിഹാളത്ത്‌ ........

രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കരിക്കേണ്ടത്‌ എങ്ങനെയാണെന്ന്‌ വിശദീകരിക്കാമോ?
             വിശാലമായി വിശദീകരിക്കേണ്ടതാണ്‌ ഇക്കാര്യം. എന്നാലും അത്യാവശ്യം അറിയേണ്ടേത്‌ വിവരിക്കാം. ഇസതിഹാളത്ത്‌ (രോഗസംബന്ധമായി പുറപ്പെടുന്ന രക്തം) പുറപ്പെടുന്ന സ്‌ത്രീ നിസ്‌കാരത്തിന്റെ നിര്‍ബന്ധതയില്‍ നിന്നും ഒഴിവാകുകയില്ല. നോമ്പിന്റെ വിധയും മറ്റൊന്നല്ല. അതുപോലെ ഭാര്യഭര്‍തൃ ബന്ധം രക്തം ഒലിക്കുന്ന സന്ദര്‍ഭത്തിലാണെങ്കിലും അനുവദനീയം തന്നെ. ആ സമയം ശുദ്ധിയുടെ സമയമായി ഗണിക്കപ്പെട്ടതിനാലാണിത്‌. രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കാരത്തിന്‌ സമയമായാല്‍ ഗുഹ്യഭാഗം കഴുകി ശുദ്ധിയാക്കുകയും പുറത്തേക്ക്‌ വരാത്ത രീതിയില്‍ ഉള്ളില്‍ പഞ്ഞിയോ മറ്റോ വെക്കുകയും ചെയ്യണം. എന്നിട്ടും രക്തം പുറത്തേക്ക്‌ വന്നാല്‍ ഒരു നാട കൊണ്ട്‌ നല്ല രീതിയില്‍ കെട്ടുകയും വേണം. ഉള്ളില്‍ പഞ്ഞിവെക്കലും കെട്ടലും സാധാരണ രീതിയില്‍ സഹിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടാല്‍ ഒഴിവാക്കാവുന്നതാണ്‌. നോമ്പുകാരിയാവുമ്പോള്‍ പഞ്ഞി വെക്കുന്നത്‌ ഒഴിവാക്കി പുറമെയുള്ള കെട്ട്‌ മാത്രമേ ചെയ്യാവൂ. ഭദ്രമായി പഞ്ഞി വെച്ച്‌ കെട്ടിയ ശേഷം നിസ്‌കാരത്തിന്‌ മുമ്പോ നിസ്‌കാരത്തിലോ രക്തം പുറപ്പെട്ടാല്‍ പ്രശ്‌നമില്ല. പഞ്ഞി വെച്ച്‌ കെട്ടിയ ഉടനെ വുളൂ എടുക്കുകയും നിസ്‌കരിക്കുകയും വേണം. മറ്റ്‌ കാര്യങ്ങളില്‍ വ്യാപൃതമാകാന്‍ പാടില്ല. എന്നാലും ഔറത്ത്‌ മറക്കുക, ഇഖാമത്ത്‌ കൊടുക്കുക, ജമാഅത്ത്‌ പ്രതീക്ഷിക്കുക തുടങ്ങി നിസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ താമസം ആകാവുന്നതാണ്‌. അല്ലാത്തതിന്‌ വേണ്ടി താമസിപ്പിച്ചാല്‍ വീണ്ടും യോനിയില്‍ പഞ്ഞിവെച്ച്‌ കെട്ടല്‍ നിര്‍ബന്ധമാകും. ഓരോ ഫര്‍ള്‌ നിസ്‌കാരത്തിനും വേണ്ടി പ്രത്യേകം കഴുകുകയും വെച്ച്‌ കെട്ടുകയും വുളൂ എടുക്കുകയും വേണം. അഥവാ ഒരു വൂളൂഅ്‌ കൊണ്ട്‌ ഒരു ഫര്‍ളേ നിസ്‌കരിക്കാന്‍ പറ്റുകയുള്ളൂ. സുന്നത്ത്‌ എത്ര വേണമെങ്കിലും നിര്‍വ്വഹിക്കാം. നിസ്‌കാരസമയം കഴിയുന്നതിന്‌ മുമ്പ്‌ രക്തം നില്‍ക്കുന്ന സമയമുണ്ടാകുന്ന പക്ഷം ആ സമയം തന്നെ നിസ്‌കാരത്തിനായി വിനിയോഗിക്കല്‍ നിര്‍ബന്ധമാണ്‌ (തുഹ്‌ഫ, ശര്‍വാനി, ബുജൈരിമി)

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും കാണാമല്ലോ? ഇതില്‍ വല്ല തെറ്റുമുണ്ടോ?
~
ഒരു തെറ്റുമില്ല, അത്‌ ശരി തന്നെയാണ്‌. ഇമാം ശാഫിഈ (റ) പറയുന്നു: ഖബ്‌റിനരികില്‍ വെച്ച്‌ ഖുര്‍ആനില്‍ നിന്നും കുറച്ച്‌ ഓതല്‍ സുന്നത്താണ്‌. മുഴുവനും ഓതിയാല്‍ അത്‌ നല്ലതാണ്‌. (അദ്‌കാര്‍).
സ്വഹാബികളുടെ കാലഘട്ടം മുതലേ ഇത്‌ നടന്ന്‌ വരുന്നു. ഇമാം സൂയുഥി (റ) തന്റെ ശറഹുസ്സ്വുദൂറിലും ഇബ്‌നുല്‍ ഖയ്യിം (റ) തന്റെ `റൂഹ്‌' എന്ന ഗ്രന്ഥത്തിലും ഇത്‌ പ്രതിപാദിക്കുന്നുണ്ട്‌. അന്‍സ്വാരികളായ സ്വഹാബികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‌ ഖുര്‍ആന്‍ പാരായണം നടത്തുന്നതിനായി ഖബ്‌റിനരികിലേക്ക്‌ അവര്‍ മാറിമാറിപ്പോകുമായിരുന്നു. മയ്യിത്തിന്‌ ജീവിച്ചിരിക്കുന്നവരുടെ ഖുര്‍ആന്‍ പാരായണവും മറ്റു സല്‍കര്‍മ്മങ്ങളും ഫലപ്രദമാണെന്ന്‌ പ്രമാണങ്ങള്‍ കൊണ്ട്‌ തെളിഞ്ഞവയാണ്‌. അതില്‍ പെട്ടതാണ്‌ പ്രാര്‍ത്ഥന. ഖുര്‍ആന്‍ ഓതിയ ഉടനെയാവുമ്പോള്‍ ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലാണെന്ന്‌ ഇമാം മഹല്ലി (റ) പറഞ്ഞിട്ടുണ്ട്‌. മയ്യിത്തിന്‌ വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഏത്‌ സമയത്തും ആവാമല്ലോ?
ഇമാം മാവര്‍ദി (റ) തന്റെ അല്‍ ഹാവില്‍ കബീറില്‍ പറയുന്നു: മയ്യിത്ത്‌ മറമാടാന്‍ സന്നിഹിതരായവര്‍ക്ക്‌ ഖബ്‌റിനരികില്‍ സൂറത്ത്‌ യാസീന്‍ ഓതി ദുആ ചെയ്യാവുന്നതാണ്‌. 
ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ വെറുതെയിരിക്കരുത്‌. നിങ്ങള്‍ അവന്റെ ഖബ്‌റിന്റെ അരികിലേക്ക്‌ വേഗം എത്തണം. എന്നിട്ട്‌ ബഖറ സൂറത്തിന്റെ തുടക്കം തലഭാഗത്തും കാല്‍ഭാഗത്ത്‌ അതിന്റെ അവസാന ഭാഗവും ഓതുക. 
ഖബ്‌റിനരികില്‍ വെച്ച്‌ ഓതുന്നതിനെ കുറിച്ച്‌ ഇമാം ശാഫി (റ) യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അതില്‍ യാതൊരു കുഴപ്പവുമില്ല എന്നാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.
മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതി ദുആ ചെയ്‌താല്‍ അതിന്റെ പ്രതിഫലം എത്തുകയില്ലെന്ന്‌ ഇമാം ശാഫി (റ) പറഞ്ഞതായി നവീനവാദികള്‍ പ്രചരിപ്പിക്കാറുണ്ടല്ലോ? നിജസ്ഥിതി വ്യക്തമാക്കാമോ?
സാധാരണക്കാരായ സുന്നികളെ നവീനവാദികള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളില്‍ പെട്ടതാണ്‌ ഇത്‌. എന്നാല്‍ ശാഫീ മദ്‌ഹബില്‍ പ്രബലമായ അഭിപ്രായം മരിച്ച ഒരാളെക്കരുതി ഖുര്‍ആന്‍ ഓതിയാല്‍ ദുആ ചെയ്യാതെ തന്നെ അതിന്റെ പ്രതിഫലം മരിച്ചയാള്‍ക്ക്‌ ലഭിക്കുമെന്നാണ്‌. ഇത്‌ ഇമാം ശാഫിഈ (റ) ന്റെ ശിഷ്യന്മാരുടെ അഭിപ്രായമാണ്‌. ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം ഒരു മയ്യിത്തിനെ കരുതി ഖുര്‍ആന്‍ ഓതിയാല്‍ അതിന്റെ പ്രതിഫലം ഹദ്‌യ ചെയ്‌ത്‌ പ്രാര്‍ത്ഥിക്കാതെ ലഭിക്കുകയില്ലെന്നാണ്‌. അപ്പോള്‍ ഖുര്‍ആന്‍ ഓതി ദുആ ചെയ്‌താല്‍ ലഭിക്കുമെന്ന്‌ തന്നെയാണ്‌ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം (മന്‍ഹജ്‌). ചുരുക്കത്തില്‍ ഖുര്‍ആന്‍ ഓതിയതിന്റെ പ്രതിഫലം മയ്യിത്തിന്‌ കിട്ടുകയില്ലെന്ന്‌ ഇമാം ശാഫിഈ (റ) പറഞ്ഞിട്ടില്ല. മയ്യിത്തിനെ കരുതിയാല്‍ പോര, പ്രാര്‍ത്ഥന കൂടി വേണമെന്ന പക്ഷക്കാരനാണ്‌ ഇമാം ശാഫിഈ (റ). 
സിയാറത്ത്‌ ചെയ്യുമ്പോള്‍ ഓതുന്നവന്‍ എന്ത്‌ ചെയ്യണം?
അതിന്റെ പ്രതിഫലം മയ്യിത്തിനോ ഖബ്‌റാളികള്‍ക്ക്‌ മൊത്തമായോ ഹദ്‌യ ചെയ്യണം. (ഖല്‍യൂബി). അനസ്‌ (റ) നെ തൊട്ട്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ഒരാള്‍ മഖ്‌ബറകളില്‍ കടന്നിട്ട്‌ യാസീന്‍ ഓതിയാല്‍ ഖബ്‌റാളികള്‍ക്ക്‌ അല്ലാഹു (ശിക്ഷയെ) ലഘൂകരിക്കുന്നതാണ്‌. ഇമാം ഗസ്സാലി (റ) യുടെ ഇഹ്‌യാഇല്‍ ഇപ്രകാരം കാണാം: നിങ്ങള്‍ മഖ്‌ബറകളില്‍ കയറിയാല്‍ ഫാതിഹയും മുഅവ്വിദത്തൈനിയും ഇഖ്‌ലാസും ഓതുക. അതിന്‌ പ്രതിഫലം ഖബ്‌റാളികള്‍ക്ക്‌ നല്‍കുകയും ചെയ്യുക. കാരണം ആ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. അബൂ ഹുറൈറ (റ) യില്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു; ഒരാള്‍ മഖ്‌ബറകളില്‍ കടക്കുകയും ഫാതിഹയും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുത്തകാസുറും ഓതുകയും അവര്‍ക്ക്‌ പ്രതിഫലം ഹദ്‌യ ചെയ്യുകയും ചെയ്‌താല്‍ ഖിയാമം നാളില്‍ ഖബ്‌റാളികള്‍ ഇവന്‌ ശിപാര്‍ശക്കാരാകുന്നതാണ്‌ (ജമല്‍). 
ഖത്തപ്പുര കെട്ടുന്ന പതിവ്‌ ഇന്നും ചില നാടുകളില്‍ കണ്ടുവരുന്നു. ഇത്‌ ശരിയാണോ?
ഖബ്‌റിനരികില്‍ ഖുര്‍ആന്‍ ഓതല്‍ അനുവദനീയമാണല്ലോ? മഹത്തുക്കളായ പലരും മരണപ്പെട്ടപ്പോള്‍ അവരുടെ ഖബ്‌റിനരികില്‍ വെച്ച്‌ ഏഴ്‌ ദിവസം ഖുര്‍ആന്‍ പാരായണം നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇമാം സുയൂഥി (റ) തന്റെ ഹാവിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. ഹിജ്‌റ 490 ല്‍ ശൈഖ്‌ നസ്വ്‌റുല്‍ മഖ്‌ദസി (റ) തങ്ങള്‍ വഫാത്തായപ്പോള്‍ അദ്ദേഹത്തിന്റെ ഖബ്‌റിനരികില്‍ ഏഴ്‌ രാത്രി ഖുര്‍ആന്‍ ഓതപ്പെട്ടിട്ടുണ്ട്‌. ഒരു രാത്രിയില്‍ ഇരുപത്‌ പ്രാവശ്യം ഖുര്‍ആന്‍ മുഴുവനും ഓതുമായിരുന്നു. ഖുര്‍ആന്‍ ഓതാന്‍ ഇരിക്കുന്നത്‌ മജ്ജയും മാംസവും ഉള്ള ആളുകളാണല്ലോ? വെയിലും മഴയും കൊള്ളാതിരിക്കാനായി ഒരു പുര കെട്ടുന്നതില്‍ യാതൊരു തടസ്സവുമില്ല. 
എന്തിനാണ്‌ ഇങ്ങനെ പുര കെട്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നത്‌?
ഏഴ്‌ ദിവസം മയ്യിത്തിന്‌ ചോദ്യമുണ്ടെന്നും മറ്റും ഇമാം സുയൂഥി (റ) ഹാവിയിലും ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നുഹജറും (റ) രേഖപ്പെടുത്തുന്നുണ്ട്‌. ഖുര്‍ആന്‍ പാരായണം നടത്തപ്പെടുന്ന സ്ഥലത്ത്‌ റഹ്‌മത്തിന്റെ മലക്കുകള്‍ ഇറങ്ങുമല്ലോ? പ്രസ്‌തുത ബുദ്ധിമുട്ടുള്ള ദിനങ്ങളില്‍ കാരുണ്യം പ്രതീക്ഷിച്ചാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. അതുകൊണ്ടാണ്‌ മിക്കവാറും സ്ഥലങ്ങളില്‍ ഏഴ്‌ വരെ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ ഓതുന്നത്‌.
ജുമുഅ ദിവസം മാതാപിതാക്കളുടെ ഖബ്‌ര്‍ സന്ദര്‍ശനത്തിന്‌ അടിസ്ഥാനമുണ്ടോ? 
ഖബ്‌ര്‍ സന്ദര്‍ശനം എപ്പോള്‍ വേണമെങ്കിലും ആകാവുന്നതാണ്‌. ജുമുഅ ദിവസത്തില്‍ സിയാറത്ത്‌ ചെയ്യുന്നതിനെ പ്രേരിപ്പിച്ചു കൊണ്ട്‌ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്‌. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരാള്‍ ജുമുഅ ദിവസത്തില്‍ മാതാപിതാക്കളുടെ അല്ലെങ്കില്‍ അവരിലൊരാളുടെ ഖബ്‌ര്‍ സന്ദര്‍ശിച്ചാല്‍ അത്‌ ഹജ്ജിന്‌ സമാനമാണ്‌. മറ്റൊരു റിപ്പോര്‍ട്ടില്‍ നരകമോചനം എഴുതപ്പെടുന്നതാണെന്ന്‌ കാണാം. 
ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നു: അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം: ഒരാള്‍ തന്റെ മാതാപിതാക്കളെ, അവരിലൊരാളെ എല്ലാ ജുമുഅ ദിവസത്തിലും ഒരു തവണ സിയാറത്ത്‌ ചെയ്‌താല്‍ അവന്റെ പാപം പൊറുക്കപ്പെടുന്നതാണ്‌. അവന്‍ മാതാപിതാക്കള്‍ക്ക്‌ ഗുണം ചെയ്‌തവനുമാകുന്നതാണ്‌. (ഇആനത്ത്‌).
ഇബ്‌നു നജ്ജാര്‍ (റ) തന്റെ താരീഖില്‍ അബൂബക്കര്‍ (റ) നെ തൊട്ട്‌ ഉദ്ധരണം: നബി (സ്വ) പറഞ്ഞു: ഒരാള്‍ എല്ലാ ജുമുഅ ദിവസത്തിലും മാതാപിതാക്കളുടെ അല്ലെങ്കില്‍ അവരിലൊരാളുടെ ഖബ്‌ര്‍ സന്ദര്‍ശിക്കുകയും യാസീന്‍ ഓതുകയും ചെയ്‌താല്‍ യാസീനിലെ ഓരോ അക്ഷരത്തിന്റെയും എണ്ണമനുസരിച്ച്‌ പാപമോചനം അവന്‌ നല്‍കപ്പെടുന്നതാണ്‌. (അദ്ദുര്‍റുല്‍ മന്‍സൂര്‍, മിര്‍ഖാത്ത്‌).

ഇതു കൂടെ

more