അനന്തരാവകാശികള്‍
അനന്തരാവകാശ നിയമങ്ങളെ കുറിച്ച് ഖുര്‍ആനിലും ഹദീസിലും
പ്രതിപാദനമുണ്ടോ?
തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫും തിരുനബി (സ്വ) യുടെ ഹദീസുകളും
മറ്റും അനന്തരാവകാശ നിയമങ്ങളെ കുറിച്ച് സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്.അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹദീസ് വിശദീകരിക്കാമോ?
ദീനീവിജ്ഞാനം ഭൂലോകത്ത് നിന്നും ഉയര്‍ത്തപ്പെടുകയും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. രണ്ടാളുകള്‍ ഒരനന്തരവകാശ നിയമത്തില്‍ തര്‍ക്കിക്കുമ്പോള്‍ അവര്‍ക്കിടയില്‍ തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടാവുകയില്ല.
ഈ അറിവ് വിജ്ഞാനത്തിന്റെ പകുതിയാണെന്നും ഖിയാമം നാളാവുമ്പോള്‍ ആദ്യം ഉയര്‍ത്തപ്പെടുന്ന അറിവ് ഇതാണെന്നതും ശരിയാണോ?
ശരിയാണ്. ഇത് സംബന്ധമായി ഇബ്‌നുമാജ (റ) റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസ് ശ്രദ്ധിക്കുക. ``നിങ്ങള്‍ അനന്തരാവകാശ നിയമങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക. കാരണം അത് വിജ്ഞാനത്തിന്റെ പകുതിയാണ്. വേഗത്തില്‍ മറന്നു പോവുന്നതും എന്റെ സമുദായത്തില്‍ നിന്നും ആദ്യം ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന വിജ്ഞാനവുമാണത്''.
ചില കാര്യങ്ങളാല്‍ അനന്തരാവകാശം തടയപ്പെടുമെന്നത് ശരിയാണോ?ഏതാണവ?
ശരിയാണ്. അനന്തരാവകാശം തടയുന്ന കാര്യങ്ങള്‍ മൂന്നാണ്.
1. അനന്തരാവകാശി പൂര്‍ണ്ണമോ ഭാഗികമോ ആയ അടിമയായിരിക്കുക.
2. കൊലപാതകം : ഒരാള്‍ തന്റെ പിതാവിനെ അല്ലെങ്കില്‍ മകനെ അല്ലെങ്കില്‍ ഭാര്യയെ വധിച്ചാല്‍ കൊല ചെയ്യപ്പെട്ടവന്റെ അനന്തര സ്വത്തില്‍ നിന്നും ഒന്നും തന്നെ ഘാതകന് ലഭിക്കുകയില്ല.
3. മതം വ്യത്യസ്‌തമാകല്‍ : ഉദാഹരണത്തിന് ഒരാള്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മകന്‍ അമുസ്‌ലിമാണെങ്കില്‍ മകന് അനന്തരാവകാശം കിട്ടുകയില്ല.
അനന്തരാവകാശികള്‍ ആരൊക്കെയാണ്?
15 പുരുഷന്മാരും 10 സത്രീകളുമാണ് അനന്തരാവകാശികളായി ഇസ്‌ലാം ഗണിച്ചിട്ടുള്ളത്.
പുരുഷന്മാര്‍ : 1.മകന്‍ 2. മകന്റെ മകന്‍ (മകന്റെ മകന്റെ മകന്‍.. ഇങ്ങനെ താഴോട്ട്)3. പിതാവ് 4. പിതാവിന്റെ പിതാവ് (പിതാവിന്റെ പിതാവിന്റെ പിതാവ്..ഇങ്ങനെ മേലോട്ട്) 5. ഒരേ മാതാവിനും പിതാവിനും പിറന്ന സഹോദരന്‍ 6. പിതാവ് മാത്രം ഒത്ത സഹോദരന്‍ 7. മാതാവ് മാത്രം ഒത്ത സഹോദരന്‍ 8. മാതാവും പിതാവും ഒത്ത സഹോദരന്റെ പുത്രന്‍ 9. പിതാവൊത്ത സഹോദരന്റെ മകന്‍ 10. മാതാവും പിതാവുമൊത്ത പിതൃവ്യന്‍ 11. പിതാവൊത്ത പിതൃവ്യന്‍ 12. മാതാപിതാവൊത്ത പിതൃവ്യന്റെ മകന്‍ 13. പിതാവൊത്ത പിതൃവ്യന്റെ മകന്‍ 14. ഭര്‍ത്താവ് 15. അടിമയെ മോചിപ്പിച്ചവന്‍
സ്‌ത്രീകള്‍: 1. മകള്‍ 2. മകന്റെ മകള്‍ (മകന്റെ മകന്റെ മകള്‍ ...ഈ നിലയില്‍ താഴോട്ട്) 3. മാതാവ് 4. മാതാവിന്റെ മാതാവ് (ഈ രൂപത്തില്‍ മേലോട്ട്) 5. പിതാവിന്റെ മാതാവ് (ഈ മാതാവിന്റെ മാതാവ്.. എന്നിങ്ങനെ മേലോട്ട്) 6. മാതാവും പിതാവും ഒന്നായ സഹോദരി 7. പിതാവ് മാത്രം ഒന്നായ സഹോദരി 8. മാതാവ് മാത്രം ഒത്ത സഹോദരി 9. ഭാര്യ 10. അടിമയെ മോചിപ്പിച്ചവള്‍ (ഇആനത്ത്).
ഒരാള്‍ (ഭാര്യ) മരണപ്പെട്ടപ്പോള്‍ അനന്തരം കിട്ടാവുന്ന
പുരുഷന്മാരും ജീവിച്ചിരിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും അനന്തരാവകാശം
ലഭിക്കുകയില്ലെന്നത് ശരിയാണോ?
ശരിയാണ്. ചിലര്‍ ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് അനന്തരം
ഇല്ല (മകന്‍ ഉണ്ടായാല്‍ മകന്റെ മകന് കിട്ടുകയില്ല. പിതാവ് ഉണ്ടായാല്‍ പിതാവിന്റെ
പിതാവിന് അനന്തരം ഇല്ല) അഥവാ മേല്‍പ്പറഞ്ഞ പുരുഷന്മാരില്‍ നിന്നും ആകെ മന്ന്
പേര്‍ മാത്രമായിരിക്കും സ്വത്തിന് അവകാശി. 1. മകന്‍ 2. പിതാവ് 3. ഭര്‍ത്താവ് (ഇആനത്ത്).
ആരാലും തടയപ്പെടാത്ത സ്‌ത്രീകള്‍ ആരൊക്കെയാണ്?
മകള്‍, മകന്റെ മകള്‍, ഉമ്മ, ഭാര്യ, മാതാവും പിതാവുമൊത്ത സഹോദരി (ഇആനത്ത്).അഥവാ പിതാവ്, മകന്‍, ഭര്‍ത്താവ് എന്നീ മൂന്ന് പുരുഷന്മാരുടെയും മാതാവ്, മകള്‍, ഭാര്യ എന്നീ മൂന്ന് സ്‌ത്രീകളുടെയും അനന്തരാവകാശം തടയപ്പെടുകയില്ല.
അവകാശികളെ എത്രയായി തരം തിരിക്കാം?
രണ്ടായി തരം തിരിക്കാം. 1. ഫര്‍ള്വുകാര്‍ (അഥവാ എട്ടിലൊന്ന്, രണ്ടിലൊന്ന് എന്നിങ്ങനെ നിശ്ചിത ഓഹരിയുടെ അവകാശികള്‍)
2. അസ്വബക്കാര്‍ : അഥവാ നിശ്ചിത ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിഞ്ഞ് ബാക്കി മുഴുവന്‍ സ്വത്തോ നിശ്ചിത ഓഹരിക്കാരില്ലെങ്കില്‍ സ്വത്ത് മുഴുവനായിട്ടോ ലഭിക്കുന്നവര്‍. അഥവാ നിശ്ചിത ഓഹരി ഇല്ലാത്തവര്‍.
ഏതെല്ലാം ഓഹരികളാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്?
ആകെ സ്വത്തിന്റെ പകുതി, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നില്‍ രണ്ട്, മൂന്നിലൊന്ന്, ആറിലൊന്ന് (ഫത്‌ഹുല്‍ മുഈന്‍)അനന്തരാവകാശം തടയപ്പെടല്‍ എത്ര തരത്തിലാണ്?
രണ്ട് തരത്തില്‍. 1. ഹജ്‌ബുല്‍ ഹിര്‍മാന്‍ (പൂര്‍ണ്ണമായും തടയപ്പെടല്‍). 2. ഹജ്‌ബുല്‍ നുഖ്‌സ്വാന്‍ അഥവാ ഭാഗികമായി തടയപ്പെടല്‍.
മാതാവിന്റെ പിതാവ്, മകളുടെ സന്താനങ്ങള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കാര്‍ക്ക്
ഓഹരി ഇല്ലേ?
ഇല്ല. ഇവര്‍ ദവുല്‍ അര്‍ഹാം (അടുത്ത ബന്ധുക്കള്‍) എന്നാണ്
അറിയപ്പെടുന്നത്. അഥവാ നിശ്ചിത ഓഹരിക്കാരും അസ്വബക്കാരും അല്ലാത്ത അടുത്ത ബന്ധുക്കള്‍.
ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഓഹരിക്കാരോ അസ്വബക്കാരോ ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കളായ
ദവുല്‍ അര്‍ഹാമുണ്ടെങ്കില്‍ അനന്തരാവകാശം ഇല്ലെന്നാണ് ശാഫിഈ മദ്‌ഹബ്. ആ മുതല്‍
ബൈത്തുല്‍ മാലിലേക്ക് നീക്കം ചെയ്യണം. ദവുല്‍ അര്‍ഹാം എത്ര പേരാണ്?
11 പേരാണ്. 1. മകളുടെ സന്താനങ്ങള്‍ 2. സഹോദരിയുടെ സന്താനങ്ങള്‍ 3. സഹോദരന്റെ മകള്‍ 4. പിതൃവ്യന്റെ പെണ്‍മക്കള്‍ 5. മരണപ്പെട്ട വ്യക്തിയുടെ പിതാവിന്റെ മാതാവൊത്ത സഹോദരന്‍ 6. മാതൃസഹോദരന്‍ 7. മാതൃസഹോദരി 8. പിതൃസഹോദരി 9. മാതാവിന്റെ പിതാവ് 10. മാതാവിന്റെ പിതാവിന്റെ മാതാവ് 11. ഉമ്മയൊത്ത സഹോദരന്റെ സന്താനങ്ങള്‍.
പരസ്‌പരം അനന്തരമെടുക്കുന്നവര്‍ ഒരു അപകടത്തില്‍ മരണപ്പട്ടാല്‍
എങ്ങനെയാണ് സ്വത്ത് ഓഹരി ചെയ്യേണ്ടത്?
പരസ്‌പരം അനന്തരം എടുക്കുന്ന വ്യക്തികള്‍ -ഉദാഹരണത്തിന് മകന്‍-പിതാവ്, ഭാര്യ-ഭര്‍ത്താവ് എന്നിങ്ങനെ - ഒരു അപകടത്തില്‍ കൂട്ടമരണം
സംഭവിക്കുകയും ആര് ആദ്യം മരിച്ചു എന്നറിയാതെ വരികയും ചെയ്‌താല്‍ മരണപ്പെട്ടവര്‍
പരസ്‌പരം അനന്തരം എടുക്കുകയില്ല. അവരുടെ സ്വത്ത് ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക്
ഉള്ളതാണ്. മരണം വ്യത്യസ്‌ത സമയങ്ങളിലാണെന്ന് ബോധ്യപ്പെടുകയും ആദ്യം മരിച്ചയാള്‍
ആരെന്ന് വ്യക്തമാകുകയും ചെയ്‌താല്‍ ആദ്യം മരിച്ചയാളുടെ അനന്തരസ്വത്തില്‍ രണ്ടാമത്
മരണപ്പെട്ടയാള്‍ അവകാശിയാകും. രണ്ടാമത് മരിച്ചയാളുടെ അവകാശത്തിന് ആദ്യം
മരണപ്പെട്ടയാള്‍ അര്‍ഹനാവുകയില്ല.അലി (റ) ന്റെ മകള്‍ ഉമ്മുകുല്‍സുമും (റ) മകന്‍ സൈദും ഒരേ ദിവസമാണ് മരണപ്പെട്ടതെന്നും ആദ്യം മരണപ്പെട്ടത് ആരെന്ന് മനസ്സിലാക്കാത്തത് കൊണ്ട് മഹതിയുടെ സ്വത്തില്‍ മകനോ മകന്റെ സ്വത്തില്‍ മഹതിയോ അനന്തരാവകാശിയായില്ലെന്ന് ഹാകിം റിപ്പോര്‍ട്ട് ചെയ്‌ത സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. (അസ്‌നല്‍ മത്വാലിബ്)
പരസ്‌പരം അനന്തരം എടുക്കുന്നവര്‍ പിണങ്ങിക്കഴിഞ്ഞവരാണെങ്കില്‍
ഒരാള്‍ മരിച്ചാല്‍ അയാള്‍ സ്വത്തിന് അവകാശിയാകുമോ?
പിണക്കം അനന്തരത്തെ തടയുന്ന ഒന്നല്ല. ബിഗ്‌യയില്‍ പറയുന്ന ഒരു മസ്‌അല ശ്രദ്ധിക്കുക: ഒരാള്‍ ഒരു സ്‌ത്രീയെ വിവാഹം ചെയ്‌തു. ഇവളുടെ ശരീരം അവന് തയ്യാറാക്കി കൊടുത്തില്ല. അങ്ങനെ രണ്ടാലൊരാള്‍ മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്നയാള്‍ അനന്തരം എടുക്കും (ബിഗ്‌യ 181).
No comments:
Post a Comment