Friday 6 December 2013

പാരത്രിക ലോകത്തെ ശഹീദ്‌ ദുന്‍യാവിലെ ശഹീദ്‌

പാരത്രിക ലോകത്തെ ശഹീദ്‌  ദുന്‍യാവിലെ ശഹീദ്‌ ഇവ തമ്മിലുള്ള വ്യത്യാസവും അവരാരെല്ലാമാണെന്നും ഒന്നു വിശദീകരിക്കാമോ?

                                ദീനിന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ മരിച്ചവന്‍ ദുന്‍യാവിലും ആഖിറത്തിലും ശഹീദാണ്‌. അവനെ കുളിപ്പിക്കലും രക്തക്കറകള്‍ നീക്കലും അവന്റെ മേല്‍ മയ്യിത്ത്‌ നിസ്‌കരിക്കലും ഹറാമാണ്‌. ഇസ്‌ലാമിക സമരങ്ങളുമായി ബന്ധപ്പെടാതെ മരിച്ച ചിലരെ നബി (സ) ശഹീദിന്റെ ഗണത്തില്‍ എണ്ണിയിട്ടുണ്ട്‌. ഇവര്‍ക്ക്‌ പാരത്രിക ശഹീദ്‌ എന്ന്‌ പറയപ്പെടും. അവരെ കുളിപ്പിക്കലും അവരുടെ മേല്‍ നിസ്‌കരിക്കലും നിര്‍ബന്ധമാണ്‌. ഇവര്‍ക്ക്‌ ദുന്‍യാവില്‍ കുളിപ്പിക്കല്‍, നിസ്‌കരിക്കപ്പെടല്‍ നിഷിദ്ധമാണ്‌ എന്ന വിധി ബാധകമല്ല. പാരത്രിക ലോകത്ത്‌ ശഹീദിന്റെ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. സഈദ്‌ ബ്‌നു സൈദില്‍ നിന്ന്‌ നിവേദനം : നബി (സ) പറഞ്ഞു: ഒരുവന്‍ തന്റെ സമ്പത്ത്‌ സംരക്ഷിക്കുന്നതിന്‌ വേണ്ടി കൊല്ലപ്പെട്ടാല്‍ അവന്‍ ശഹീദാണ്‌. ഒരുവന്‍ സ്വയം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടാല്‍ അവനും ശഹീദാണ്‌. ഒരുവന്‍ തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടാല്‍ അവനും ശഹീദാണ്‌. (ബുഖാരി, മുസ്‌ലിം). അബൂഹുറൈറ (റ) വില്‍ നിന്നും നിവേദനം : നബി (സ) പറഞ്ഞു: ``ശുഹദാഅ്‌ അഞ്ചാണ്‌. പ്ലേഗില്‍ മരിച്ചവന്‍, വയര്‍ സംബന്ധമായ രോഗം കാരണം മരിച്ചവന്‍, മുങ്ങി മരിച്ചവന്‍, കെട്ടിടം വീണോ കെട്ടിടത്തില്‍ നിന്ന്‌ വീണോ മരിച്ചവന്‍, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരത്തില്‍ മരിച്ചവന്‍ (ബുഖാരി). ഇവിടെ പറഞ്ഞ അഞ്ചില്‍ മാത്രം നിക്ഷിപ്‌തമല്ല ശുഹദാക്കള്‍. കാരണം മറ്റു റിപ്പോര്‍ട്ടില്‍ ഏഴെണ്ണം എന്നും വന്നിട്ടുണ്ട്‌. അതില്‍ കൂടുതലും പണ്‌ഡിതന്മാര്‍ വിവരിച്ചത്‌ കാണാം. ഗര്‍ഭം കാരണമായി മരിച്ചവരും തീയില്‍ കരിഞ്ഞു മരിച്ചവരും ദീനീ വിജ്ഞാനം തേടിക്കൊണ്ടിരിക്കവേ മരിച്ചവരും ആരോടെങ്കിലും പ്രേമം തോന്നുകയും അതുള്ളില്‍ ഒതുക്കി പ്രേമത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കാതെ മരിച്ചവരും അന്യനാടുകളില്‍ മരിച്ചവരും ശഹീദാണ്‌. ഇവര്‍ക്കെല്ലാം ആഖിറത്തില്‍ ശഹീദിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. അബുദ്ദര്‍ദാഅ്‌ (റ) വില്‍ നിന്ന്‌ നിവേദനം : നബി (സ) തങ്ങള്‍ പറഞ്ഞു: ഒരു ശഹീദ്‌ തന്റെ കുടുംബത്തിലെ എഴുപത്‌ പേര്‍ക്ക്‌ അല്ലാഹുവിന്റെയടുക്കല്‍ ശുപാര്‍ശ ചെയ്യുന്നതാണ്‌. (അബൂദാവൂദ്‌, ദുര്‍റുല്‍ മന്‍സൂര്‍). ശഹീദിന്റെ ശ്രേഷ്‌ഠതകള്‍ ഇങ്ങനെ വിശദീകരിക്കുന്നു. ഖബര്‍ ശിക്ഷയില്‍ നിന്നും കാക്കപ്പെടും, ഭയാനകരമായ അന്ത്യനാളില്‍ നിര്‍ഭയനാക്കപ്പെടും, അവന്‌ തലയില്‍ ഗാംഭീര്യത്തിന്റെ ഒരു കിരീടം ചാര്‍ത്തപ്പെടും. അതിലെ ഒരു മുത്ത്‌ ദുന്‍യാവിലേക്കാളും അതിലുളള സകലതിനേക്കാളും ഉത്തമമാണ്‌.



1 comment:

  1. Friends I need ur help. oral ennod paranju nammude bharyayude sammathathode oral randamath vivaham cheythal ayalkk shaheedinte kooli labhikkum. ithinte sariyaya vasam paranju tharanam plss

    ReplyDelete

ഇതു കൂടെ

more