Tuesday 10 December 2013

കസേരയില്‍ ഇരുന്ന്‌ റുകൂഉം സുജൂദും ചെയ്യാന്‍ കഴിയാത്തവന്‌ ഇരുന്ന്‌ നിസ്‌കരിക്കാമോ? അത്തരക്കാര്‍ നിസ്‌കരിക്കുന്നതിന്റെ വിധി എന്ത്‌?

കസേരയില്‍ ഇരുന്ന്‌ റുകൂഉം സുജൂദും ചെയ്യാന്‍ കഴിയാത്തവന്‌ ഇരുന്ന്‌ നിസ്‌കരിക്കാമോ? അത്തരക്കാര്‍ നിസ്‌കരിക്കുന്നതിന്റെ വിധി എന്ത്‌?
                              അവന്‍ നില്‍ക്കാന്‍ കഴിവുള്ളവനാണെങ്കില്‍ ഇരുന്ന്‌ നിസ്‌കരിക്കാന്‍ പാടില്ല. എന്നാല്‍ ഒരാള്‍ക്ക്‌ നില്‍ക്കാന്‍ കഴിയുകയും മുതുകിലേയൊ കാല്‍മുട്ടിലെയോ മറ്റോ പ്രയാസങ്ങള്‍ കാരണം റുകൂഉം സുജൂദും ചെയ്യാന്‍ കഴിയാതെ വന്നാല്‍ അവന്‍ നിന്ന്‌ നിസ്‌കരിക്കല്‍ നിര്‍ബന്ധമാണ്‌. അവന്റെ കഴിവിന്റെ പരമാവധി മുതുക്‌ വളച്ചു കൊണ്ടും അതിന്‌ സാധ്യമല്ലെങ്കില്‍ കഴുത്ത്‌ കൊണ്ടും അതിനും അസാധ്യമായാല്‍ തല കൊണ്ടും അതും സാധിക്കാതെ വന്നാല്‍ കണ്‍പോളകള്‍ കൊണ്ടും ആംഗ്യം കാണിച്ചും റുകൂഉം സുജൂദും ചെയ്യേണ്ടതാണ്‌. ഒരാള്‍ക്ക്‌ റുകൂഇന്‌ സാധിക്കുകയും സുജൂദിന്‌ കഴിയാതെ വരികയും ചെയ്‌താല്‍ സുജൂദിന്‌ വേണ്ടി റുകൂഅ്‌ ആവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. സമ്പൂര്‍ണ്ണമായ റുകൂഇനേക്കാള്‍ അല്‍പം കൂടി കുനിയാന്‍ സാധിക്കുമെങ്കില്‍ സുജൂദിന്‌ വേണ്ടി അങ്ങനെ കുനിയല്‍ നിര്‍ബന്ധമാണ്‌. കഴിവിന്റെ പരമാവധി സുജൂദിന്റെയും റുകൂഇന്റെയും ഇടയില്‍ വേര്‍തിരിക്കുന്നതിന്‌ വേണ്ടിയാണിത്‌. നില്‍ക്കാന്‍ കഴിയുകയും റുകൂഉം സുജൂദും പൂര്‍ണ്ണരൂപത്തില്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴാണ്‌ മേല്‍പറഞ്ഞ നിയമം. എന്നാല്‍ നില്‍ക്കുകയാണെങ്കില്‍ റുകൂഉം സുജൂദും ചെയ്യല്‍ അസാധ്യമാവുകയും ഇരിക്കുകയാണെങ്കില്‍ അവ പൂര്‍ണ്ണമായും നിര്‍വ്വഹിക്കാന്‍ സാധിക്കുകയുമാണെങ്കില്‍ അവന്‍ ഇരുന്ന്‌ നിസ്‌കരിക്കുകയും റുകൂഅ്‌ സുജൂദുകള്‍ പൂര്‍ണ്ണ രൂപത്തില്‍ ചെയ്യുകയും വേണം. നിന്ന്‌ നിസ്‌കരിക്കുകയും റുകൂഉം സുജൂദും ആംഗ്യ രൂപത്തില്‍ നിര്‍വ്വഹിക്കുകയും ചെയ്‌താല്‍ സ്വീകാര്യമല്ല. എന്നാല്‍ നിറുത്തത്തില്‍ നിന്ന്‌ നേരെ റുകൂഉം സുജൂദും ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഒന്ന്‌ ഇരുന്നതിന്‌ ശേഷം അവ പൂര്‍ണ്ണമായും ചെയ്യാന്‍ സാധിക്കുന്നവനാണെങ്കില്‍ നിയ്യത്ത്‌, തക്‌ബീറത്തുല്‍ ഇഹ്‌റാം, ഖിറാഅത്ത്‌ എന്നിവ നിന്ന്‌ നിര്‍വ്വഹിച്ച ശേഷം ഇരിക്കുകയും റുകൂഅ്‌, സുജൂദ്‌ പൂര്‍ണ്ണമായി നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതാണ്‌. അല്‍പ സമയം മാത്രം നില്‍ക്കാന്‍ സാധിക്കുന്നവന്‍ അത്രയും സമയം നിന്ന്‌ ഫാതിഹ ഓതുകയും ബാക്കി ഇരുന്ന്‌ ചെയ്യേണ്ടതുമാണ്‌. ഇരുത്തത്തിലേക്ക്‌ പോയിക്കൊണ്ടിരിക്കുമ്പോഴും ഫാതിഹ തുടരണം. ഫാതിഹ കഴിഞ്ഞാല്‍ എഴുന്നേറ്റ്‌ നിന്നതിന്‌ ശേഷം റുകൂഅ്‌ ചെയ്യേണ്ടതാണ്‌. സാധിക്കില്ലെങ്കില്‍ ഇരുന്ന്‌ തന്നെ റുകൂഉം സുജൂദും ചെയ്യാവുന്നതാണ്‌. എഴുന്നേല്‍ക്കാന്‍ ഒരാളുടെ സഹായം ആവശ്യമാണെങ്കില്‍ ശമ്പളം നല്‍കിയെങ്കിലും അതിന്‌ വേണ്ടി ആളെ തയ്യാറാക്കേണ്ടതാണ്‌. 
                 മേല്‍വിശദീകരണങ്ങളില്‍ നിന്ന്‌ ഇന്ന്‌ കണ്ടുവരുന്ന പലരുടെയും കസേര നിസ്‌കാരങ്ങള്‍ അസാധുവാണെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. കാരണം നില്‍ക്കാനും എഴുന്നേല്‍ക്കാനും യാതൊരുവിധ തടസ്സങ്ങളും ഇല്ലാത്തവരാണ്‌ കസേരയില്‍ ഇരുന്ന്‌ നിസ്‌കരിക്കുന്നത്‌. നില്‍ക്കാനും എഴുന്നേല്‍ക്കാനും യാതൊരു പ്രയാസവും ഇല്ലാത്തവര്‍ നേരെ പള്ളിയിലേക്ക്‌ നടന്നുവന്ന്‌ യഥേഷ്‌ടം നിന്ന്‌ നേരെ കസേര വലിച്ചിട്ട്‌ ഇരുന്ന്‌ നിസ്‌കരിക്കുന്നതാണ്‌ നാം കാണുന്നത്‌. 

No comments:

Post a Comment

ഇതു കൂടെ

more