Wednesday 23 July 2014

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും

ഖബ്‌റടക്കിയ ശേഷം മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതുന്നതും പ്രാര്‍ത്ഥിക്കുന്നതും കാണാമല്ലോ? ഇതില്‍ വല്ല തെറ്റുമുണ്ടോ?
~
ഒരു തെറ്റുമില്ല, അത്‌ ശരി തന്നെയാണ്‌. ഇമാം ശാഫിഈ (റ) പറയുന്നു: ഖബ്‌റിനരികില്‍ വെച്ച്‌ ഖുര്‍ആനില്‍ നിന്നും കുറച്ച്‌ ഓതല്‍ സുന്നത്താണ്‌. മുഴുവനും ഓതിയാല്‍ അത്‌ നല്ലതാണ്‌. (അദ്‌കാര്‍).
സ്വഹാബികളുടെ കാലഘട്ടം മുതലേ ഇത്‌ നടന്ന്‌ വരുന്നു. ഇമാം സൂയുഥി (റ) തന്റെ ശറഹുസ്സ്വുദൂറിലും ഇബ്‌നുല്‍ ഖയ്യിം (റ) തന്റെ `റൂഹ്‌' എന്ന ഗ്രന്ഥത്തിലും ഇത്‌ പ്രതിപാദിക്കുന്നുണ്ട്‌. അന്‍സ്വാരികളായ സ്വഹാബികളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‌ ഖുര്‍ആന്‍ പാരായണം നടത്തുന്നതിനായി ഖബ്‌റിനരികിലേക്ക്‌ അവര്‍ മാറിമാറിപ്പോകുമായിരുന്നു. മയ്യിത്തിന്‌ ജീവിച്ചിരിക്കുന്നവരുടെ ഖുര്‍ആന്‍ പാരായണവും മറ്റു സല്‍കര്‍മ്മങ്ങളും ഫലപ്രദമാണെന്ന്‌ പ്രമാണങ്ങള്‍ കൊണ്ട്‌ തെളിഞ്ഞവയാണ്‌. അതില്‍ പെട്ടതാണ്‌ പ്രാര്‍ത്ഥന. ഖുര്‍ആന്‍ ഓതിയ ഉടനെയാവുമ്പോള്‍ ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലാണെന്ന്‌ ഇമാം മഹല്ലി (റ) പറഞ്ഞിട്ടുണ്ട്‌. മയ്യിത്തിന്‌ വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും ഏത്‌ സമയത്തും ആവാമല്ലോ?
ഇമാം മാവര്‍ദി (റ) തന്റെ അല്‍ ഹാവില്‍ കബീറില്‍ പറയുന്നു: മയ്യിത്ത്‌ മറമാടാന്‍ സന്നിഹിതരായവര്‍ക്ക്‌ ഖബ്‌റിനരികില്‍ സൂറത്ത്‌ യാസീന്‍ ഓതി ദുആ ചെയ്യാവുന്നതാണ്‌. 
ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: നിങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ വെറുതെയിരിക്കരുത്‌. നിങ്ങള്‍ അവന്റെ ഖബ്‌റിന്റെ അരികിലേക്ക്‌ വേഗം എത്തണം. എന്നിട്ട്‌ ബഖറ സൂറത്തിന്റെ തുടക്കം തലഭാഗത്തും കാല്‍ഭാഗത്ത്‌ അതിന്റെ അവസാന ഭാഗവും ഓതുക. 
ഖബ്‌റിനരികില്‍ വെച്ച്‌ ഓതുന്നതിനെ കുറിച്ച്‌ ഇമാം ശാഫി (റ) യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അതില്‍ യാതൊരു കുഴപ്പവുമില്ല എന്നാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.
മയ്യിത്തിന്‌ വേണ്ടി ഖുര്‍ആന്‍ ഓതി ദുആ ചെയ്‌താല്‍ അതിന്റെ പ്രതിഫലം എത്തുകയില്ലെന്ന്‌ ഇമാം ശാഫി (റ) പറഞ്ഞതായി നവീനവാദികള്‍ പ്രചരിപ്പിക്കാറുണ്ടല്ലോ? നിജസ്ഥിതി വ്യക്തമാക്കാമോ?
സാധാരണക്കാരായ സുന്നികളെ നവീനവാദികള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളില്‍ പെട്ടതാണ്‌ ഇത്‌. എന്നാല്‍ ശാഫീ മദ്‌ഹബില്‍ പ്രബലമായ അഭിപ്രായം മരിച്ച ഒരാളെക്കരുതി ഖുര്‍ആന്‍ ഓതിയാല്‍ ദുആ ചെയ്യാതെ തന്നെ അതിന്റെ പ്രതിഫലം മരിച്ചയാള്‍ക്ക്‌ ലഭിക്കുമെന്നാണ്‌. ഇത്‌ ഇമാം ശാഫിഈ (റ) ന്റെ ശിഷ്യന്മാരുടെ അഭിപ്രായമാണ്‌. ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം ഒരു മയ്യിത്തിനെ കരുതി ഖുര്‍ആന്‍ ഓതിയാല്‍ അതിന്റെ പ്രതിഫലം ഹദ്‌യ ചെയ്‌ത്‌ പ്രാര്‍ത്ഥിക്കാതെ ലഭിക്കുകയില്ലെന്നാണ്‌. അപ്പോള്‍ ഖുര്‍ആന്‍ ഓതി ദുആ ചെയ്‌താല്‍ ലഭിക്കുമെന്ന്‌ തന്നെയാണ്‌ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം (മന്‍ഹജ്‌). ചുരുക്കത്തില്‍ ഖുര്‍ആന്‍ ഓതിയതിന്റെ പ്രതിഫലം മയ്യിത്തിന്‌ കിട്ടുകയില്ലെന്ന്‌ ഇമാം ശാഫിഈ (റ) പറഞ്ഞിട്ടില്ല. മയ്യിത്തിനെ കരുതിയാല്‍ പോര, പ്രാര്‍ത്ഥന കൂടി വേണമെന്ന പക്ഷക്കാരനാണ്‌ ഇമാം ശാഫിഈ (റ). 
സിയാറത്ത്‌ ചെയ്യുമ്പോള്‍ ഓതുന്നവന്‍ എന്ത്‌ ചെയ്യണം?
അതിന്റെ പ്രതിഫലം മയ്യിത്തിനോ ഖബ്‌റാളികള്‍ക്ക്‌ മൊത്തമായോ ഹദ്‌യ ചെയ്യണം. (ഖല്‍യൂബി). അനസ്‌ (റ) നെ തൊട്ട്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ഒരാള്‍ മഖ്‌ബറകളില്‍ കടന്നിട്ട്‌ യാസീന്‍ ഓതിയാല്‍ ഖബ്‌റാളികള്‍ക്ക്‌ അല്ലാഹു (ശിക്ഷയെ) ലഘൂകരിക്കുന്നതാണ്‌. ഇമാം ഗസ്സാലി (റ) യുടെ ഇഹ്‌യാഇല്‍ ഇപ്രകാരം കാണാം: നിങ്ങള്‍ മഖ്‌ബറകളില്‍ കയറിയാല്‍ ഫാതിഹയും മുഅവ്വിദത്തൈനിയും ഇഖ്‌ലാസും ഓതുക. അതിന്‌ പ്രതിഫലം ഖബ്‌റാളികള്‍ക്ക്‌ നല്‍കുകയും ചെയ്യുക. കാരണം ആ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. അബൂ ഹുറൈറ (റ) യില്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു; ഒരാള്‍ മഖ്‌ബറകളില്‍ കടക്കുകയും ഫാതിഹയും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുത്തകാസുറും ഓതുകയും അവര്‍ക്ക്‌ പ്രതിഫലം ഹദ്‌യ ചെയ്യുകയും ചെയ്‌താല്‍ ഖിയാമം നാളില്‍ ഖബ്‌റാളികള്‍ ഇവന്‌ ശിപാര്‍ശക്കാരാകുന്നതാണ്‌ (ജമല്‍). 
ഖത്തപ്പുര കെട്ടുന്ന പതിവ്‌ ഇന്നും ചില നാടുകളില്‍ കണ്ടുവരുന്നു. ഇത്‌ ശരിയാണോ?
ഖബ്‌റിനരികില്‍ ഖുര്‍ആന്‍ ഓതല്‍ അനുവദനീയമാണല്ലോ? മഹത്തുക്കളായ പലരും മരണപ്പെട്ടപ്പോള്‍ അവരുടെ ഖബ്‌റിനരികില്‍ വെച്ച്‌ ഏഴ്‌ ദിവസം ഖുര്‍ആന്‍ പാരായണം നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇമാം സുയൂഥി (റ) തന്റെ ഹാവിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. ഹിജ്‌റ 490 ല്‍ ശൈഖ്‌ നസ്വ്‌റുല്‍ മഖ്‌ദസി (റ) തങ്ങള്‍ വഫാത്തായപ്പോള്‍ അദ്ദേഹത്തിന്റെ ഖബ്‌റിനരികില്‍ ഏഴ്‌ രാത്രി ഖുര്‍ആന്‍ ഓതപ്പെട്ടിട്ടുണ്ട്‌. ഒരു രാത്രിയില്‍ ഇരുപത്‌ പ്രാവശ്യം ഖുര്‍ആന്‍ മുഴുവനും ഓതുമായിരുന്നു. ഖുര്‍ആന്‍ ഓതാന്‍ ഇരിക്കുന്നത്‌ മജ്ജയും മാംസവും ഉള്ള ആളുകളാണല്ലോ? വെയിലും മഴയും കൊള്ളാതിരിക്കാനായി ഒരു പുര കെട്ടുന്നതില്‍ യാതൊരു തടസ്സവുമില്ല. 
എന്തിനാണ്‌ ഇങ്ങനെ പുര കെട്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നത്‌?
ഏഴ്‌ ദിവസം മയ്യിത്തിന്‌ ചോദ്യമുണ്ടെന്നും മറ്റും ഇമാം സുയൂഥി (റ) ഹാവിയിലും ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നുഹജറും (റ) രേഖപ്പെടുത്തുന്നുണ്ട്‌. ഖുര്‍ആന്‍ പാരായണം നടത്തപ്പെടുന്ന സ്ഥലത്ത്‌ റഹ്‌മത്തിന്റെ മലക്കുകള്‍ ഇറങ്ങുമല്ലോ? പ്രസ്‌തുത ബുദ്ധിമുട്ടുള്ള ദിനങ്ങളില്‍ കാരുണ്യം പ്രതീക്ഷിച്ചാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. അതുകൊണ്ടാണ്‌ മിക്കവാറും സ്ഥലങ്ങളില്‍ ഏഴ്‌ വരെ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ ഓതുന്നത്‌.
ജുമുഅ ദിവസം മാതാപിതാക്കളുടെ ഖബ്‌ര്‍ സന്ദര്‍ശനത്തിന്‌ അടിസ്ഥാനമുണ്ടോ? 
ഖബ്‌ര്‍ സന്ദര്‍ശനം എപ്പോള്‍ വേണമെങ്കിലും ആകാവുന്നതാണ്‌. ജുമുഅ ദിവസത്തില്‍ സിയാറത്ത്‌ ചെയ്യുന്നതിനെ പ്രേരിപ്പിച്ചു കൊണ്ട്‌ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്‌. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരാള്‍ ജുമുഅ ദിവസത്തില്‍ മാതാപിതാക്കളുടെ അല്ലെങ്കില്‍ അവരിലൊരാളുടെ ഖബ്‌ര്‍ സന്ദര്‍ശിച്ചാല്‍ അത്‌ ഹജ്ജിന്‌ സമാനമാണ്‌. മറ്റൊരു റിപ്പോര്‍ട്ടില്‍ നരകമോചനം എഴുതപ്പെടുന്നതാണെന്ന്‌ കാണാം. 
ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നു: അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം: ഒരാള്‍ തന്റെ മാതാപിതാക്കളെ, അവരിലൊരാളെ എല്ലാ ജുമുഅ ദിവസത്തിലും ഒരു തവണ സിയാറത്ത്‌ ചെയ്‌താല്‍ അവന്റെ പാപം പൊറുക്കപ്പെടുന്നതാണ്‌. അവന്‍ മാതാപിതാക്കള്‍ക്ക്‌ ഗുണം ചെയ്‌തവനുമാകുന്നതാണ്‌. (ഇആനത്ത്‌).
ഇബ്‌നു നജ്ജാര്‍ (റ) തന്റെ താരീഖില്‍ അബൂബക്കര്‍ (റ) നെ തൊട്ട്‌ ഉദ്ധരണം: നബി (സ്വ) പറഞ്ഞു: ഒരാള്‍ എല്ലാ ജുമുഅ ദിവസത്തിലും മാതാപിതാക്കളുടെ അല്ലെങ്കില്‍ അവരിലൊരാളുടെ ഖബ്‌ര്‍ സന്ദര്‍ശിക്കുകയും യാസീന്‍ ഓതുകയും ചെയ്‌താല്‍ യാസീനിലെ ഓരോ അക്ഷരത്തിന്റെയും എണ്ണമനുസരിച്ച്‌ പാപമോചനം അവന്‌ നല്‍കപ്പെടുന്നതാണ്‌. (അദ്ദുര്‍റുല്‍ മന്‍സൂര്‍, മിര്‍ഖാത്ത്‌).

No comments:

Post a Comment

ഇതു കൂടെ

more