Monday, 14 April 2014

ജംഉം ഖസ്‌റും

കപ്പല്‍ ജോലിക്കാരന്റെ ജംഉം ഖസ്‌റും

                 ഇസ്‌ലാം ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും മതമാണ്‌. ദുരിതങ്ങളും ദുരന്തങ്ങളം സംഭവിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ പ്രത്യേകം പരിഗണിച്ച്‌ സമാശ്വാസവും ലഘൂകരണവും നല്‍കി ഉമ്മത്തിന്‌ വിശാലതയുടെ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന പ്രവണത ഇസ്‌ലാമിലെ നിയമസംഹിതകളില്‍ ധാരാളം കാണാം. ഈ ഇനത്തില്‍ ശ്രദ്ധേയമായ ഒന്നാണ്‌ യാത്രാ വേളകളിലെ ഫര്‍ള്വ്‌ നിസ്‌കാരങ്ങളില്‍ ജംഉം ഖസ്‌റും അനുവദനീയമാക്കിയ ഫിഖ്‌ഹ്‌ നിയമം.
 
തിരുദൂതര്‍ (സ്വ) ഉണര്‍ത്തി: ``യാത്ര ദുരിതമാണ്‌''. അതായത്‌ സ്വദേശം വിട്ടുള്ള പ്രയാണങ്ങള്‍, അപരിചിത സ്ഥലത്ത്‌ കൂടിയുള്ള സഞ്ചാരം, മുന്നറിവില്ലാത്ത സഹയാത്രികര്‍, ഏകാന്തത, അവശ്യവസ്‌തുക്കളുടെ ദൗര്‍ലഭ്യത എന്നിത്യാദി കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സാധാരണക്കാരന്‍ മാനസികമായി പരിഭ്രമചിത്തനാകുമെന്നതില്‍ സന്ദേഹമില്ല.
ഈ സാഹചര്യങ്ങള്‍ മുഖവിലക്കെടുത്ത്‌ അവന്റെ യാത്ര സന്തോഷകരവും ആരാധനകള്‍ സംതൃപ്‌തവുമായിത്തീരുന്നതിന്‌ യാത്രക്കാരന്‌ സോപാധികമായി നല്‍കിയ ഇളവുകളാണ്‌ ജംഉം ഖസ്‌റും. 
അതിന്റെ ഉപാധികള്‍ അനുവദനീയമായ യാത്രയാവുക, വ്യക്തമായ ഉദ്ദേശ്യത്തിന്‌ വേണ്ടിയാവുക, കൃത്യമായ ലക്ഷ്യസ്ഥാനമുണ്ടാവുക, നിശ്ചിത ദൂര പരിധിയുള്ള ദീര്‍ഘയാത്രയാവുക എന്നിവയാണ്‌.
അനുവദനീയമായ യാത്ര എന്നാല്‍ യാത്രാ ലക്ഷ്യം ഹലാലായതായിരിക്കണം. അഥവാ നിര്‍ബന്ധമോ സുന്നത്തോ ആയ കര്‍മ്മങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്ര, കച്ചവടം, ചികിത്സ, വ്യവഹാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്ര. ഇതെല്ലാം അനുവദനീയമായ യാത്രയുടെ ഗണത്തില്‍ പെടും. 
രക്ഷിതാക്കളുടെ സമ്മതമില്ലാത്ത സന്താനങ്ങളുടെ യാത്രയും ഭര്‍ത്താവിന്റെ അനുമതി കൂടാതെയുള്ള ഭാര്യയുടെ യാത്രയും വിവാഹബന്ധം ഹറാമായ രക്തബന്ധമുള്ള പുരുഷന്റെയോ ഭര്‍ത്താവിന്റെയോ സാന്നിദ്ധ്യമില്ലാതെയുള്ള സ്‌ത്രീകളുടെ യാത്രയും ഹറാമായ യാത്രയുടെ ഇനത്തില്‍ പെടും. എന്നാല്‍ വിശ്വസ്‌തായ സ്‌ത്രീയോട്‌ കൂടെയോ സ്വശരീരത്തിന്റെ മേല്‍ നിര്‍ഭയമുണ്ടെങ്കില്‍ തനിച്ചോ നിര്‍ബന്ധമായ ഹജ്ജ്‌ നിര്‍വ്വഹിക്കാനുള്ള യാത്രയും സ്‌ത്രീകള്‍ക്ക്‌ അനുവദനീയമാണ്‌. കടം കൊടുക്കാനുള്ള വ്യക്തി കടം കൊടുക്കപ്പെടേണ്ടയാളുടെ സമ്മതം വാങ്ങാതെയുള്ള യാത്രയും നിരോധിക്കപ്പെട്ട യാത്രയുടെ പട്ടികയിലാണ്‌. അപ്പോള്‍ ഹലാലായ യാത്ര എന്നാല്‍ യാത്രയുടെ മുഴുവന്‍ നിബന്ധനകളും ഒത്തുകൂടിയതായിരിക്കണം എന്ന്‌ത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.
ഈ നിബന്ധനകള്‍ ഒത്ത യാത്രാവാഹനത്തിലെ യാത്രക്കാരെ പോലെ ജോലിക്കാര്‍ക്കും ഖസ്‌റും ജംഉം അനുവദനീയമാണ്‌. ഏകദേശം 132 കിലോമീറ്ററാണ്‌ ദീര്‍ഘയാത്രയില്‍ ജംഉം ഖസ്‌റും അനുവദനീയമാകുന്ന ദൂരപരിധി. എന്നാല്‍ ഏകദേശം 200 കി.മീറ്റര്‍ അധികമുള്ള യാത്രയില്‍ നാല്‌ റക്‌അത്ത്‌ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നതിനേക്കാള്‍ രണ്ട്‌ റക്‌അത്ത്‌ ഖസ്‌റാക്കി നിസ്‌കരിക്കലാണ്‌ ഉത്തമം. അപ്പോഴും ജംആക്കല്‍ അനുവദനീയം തന്നെയാണ്‌. 
കപ്പല്‍ ജോലിക്കാരും കപ്പല്‍ യാത്രക്കാരെ പോലെ തന്നെ ജംഇന്റെയും ഖസ്‌റിന്റെയും ആനുകൂല്യത്തിന്‌ അര്‍ഹതപ്പെട്ടവരാണ്‌. എന്നാല്‍ മൂന്ന്‌ മര്‍ഹല (ഏകദേശം 200 കി.മീറ്റര്‍) ക്കധികം ദൂരമുള്ള യാത്രക്കാര്‍ക്ക്‌ ഖസ്‌ര്‍ പുണ്യമാണെങ്കിലും സ്വകുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന കപ്പിത്താനെ പോലെയുള്ള കപ്പല്‍ ജീവനക്കാര്‍ക്കും സ്വദേശമില്ലാത്തെ സ്ഥിര യാത്രക്കാരനും നാല്‌ റക്‌അത്ത്‌ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നതാണ്‌ ഉത്തമം. 

No comments:

Post a Comment

ഇതു കൂടെ

more