ഖബ്‌റുകളില്‍ നിന്നും ജനങ്ങളെ വ്യത്യസ്‌ത രൂപങ്ങളിലായിട്ടാണ്
മഹ്‌ശറില്‍ ഒരുമിച്ചു കൂട്ടുന്നതെന്നത് ശരിയാണോ?
ശരിയാണെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നു. ഇമാം റാസി (റ), ഖുര്‍ത്വുബി (റ), ബൈള്വാവി (റ) തുടങ്ങിയ പണ്ഡിത മഹത്തുക്കള്‍ അവരുടെ തഫ്‌സീറുകളില്‍
ഉദ്ധരിച്ച ഒരു ഹദീസ് കാണുക: എന്റെ ഉമ്മത്തുകളില്‍ നിന്നും പത്ത് വിഭാഗം ആളുകളെ
വ്യത്യസ്‌ത രൂപങ്ങളില്‍ (ഖബ്‌റുകളില്‍ നിന്നും) ഒരുമിച്ച് കൂട്ടപ്പെടും. (പൂര്‍ണ്ണ)
മുസ്‌ലിംകളുടെ വിഭാഗത്തില്‍ നിന്നും അല്ലാഹു അവരെ വേര്‍തിരിക്കും. ചിലരെ
കുരങ്ങുകളുടെ രൂപത്തിലായിരിക്കും. ഇക്കൂട്ടര്‍ ജനങ്ങളുടെ ഇടയില്‍ ഏഷണിയുമായി
നടക്കുന്നവരാണ്. ചിലര്‍ പന്നികളുടെ രൂപത്തിലായിരിക്കും. നിയമവിരുദ്ധമായും ഹറാമിലൂടെയും
സമ്പാദിച്ച് കൂട്ടിയവരാണിവര്‍. മറ്റു ചിലരെ തല കുത്തനെയുമാണ്. ഇവര്‍ പലിശ
ഭോജികളാണ്. വേറൊരു കൂട്ടരെ അന്ധരായും ഒരുമിച്ചു കൂട്ടപ്പെടും. ഇവര്‍ വിധിയില്‍
അതിക്രമം കാണിക്കുന്നവരാണ്. ബധിരരായും മൂകരായും ഒരുമിച്ചു കൂട്ടുന്ന ചിലരുണ്ട്.
അവര്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ കൊണ്ട് ഉള്‍നാട്യം നടിക്കുന്നവരായിരിക്കും. നാവുകള്‍
കടിച്ച് നെഞ്ചുവരെ നാവ് നീട്ടിയും വായകളില്‍ നിന്ന് ചെലം ഒലിക്കുന്നവരായും ഒരു
കൂട്ടരെ ഒരുമിച്ചു കൂട്ടപ്പെടും. മറ്റുള്ളവര്‍ ഇവരുടെ ദുര്‍ഗന്ധത്താല്‍
ബുദ്ധിമുട്ടനുഭവപ്പെടും. പ്രവര്‍ത്തനങ്ങളോട് വാക്കുകള്‍ യോജിക്കാത്ത പണ്ഡിതരും കഥ
പറയുന്നവരുമാണവര്‍. കൈകാലുകല്‍ ഛേദിക്കപ്പെട്ടവരായിട്ടായിരിക്കും ചിലര്‍
ഒരുമിച്ചുകൂട്ടപ്പെടുന്നത്. ഇവര്‍ അയല്‍വാസികളെ ബുദ്ധിമുട്ടിക്കുന്നവരായിരിക്കും.
തീയിനാലുള്ള തടികളില്‍ ക്രൂശിക്കപ്പെട്ടവരായിട്ടാണ് ചിലരെ ഒരുമിച്ചു കൂട്ടപ്പെടുന്നത്.
വേണ്ടതിനും വേണ്ടാത്തതിനും കുറ്റപ്പെടുത്തി അക്രമിയായ അധികാരിയിലേക്ക് ജനങ്ങളെ
വലിച്ചിഴക്കുന്നവരാണ് ഇവര്‍. ശവത്തേക്കാള്‍ ദുര്‍ഗന്ധം വമിക്കുന്നവരായി ചിലരെ
ഒരുമിച്ചു കൂട്ടപ്പെടും. സുഖങ്ങളും ഇച്ഛകളും കൊണ്ട് സുഖലോലുപരായി ജീവിച്ചരാണിവര്‍.
ഇവര്‍ അല്ലാഹുവിന്റെയും ദരിദ്രരുടെയും ബാധ്യതകള്‍ വീടാത്തവരുമായിരിക്കും. അഹന്തയും
പൊങ്ങച്ചവും നടിച്ച് നടക്കുന്നവരെ തൊലിയോട് ഒട്ടിച്ചേര്‍ന്ന താറിനാലുള്ള നീണ്ട
ജുബ്ബകളെ ധരിപ്പിച്ചു കൊണ്ടായിരിക്കും.
ഒരു വിഭാഗത്തെ ലഹരിബാധിതരെ പോലെ ഒരുമിച്ചു കൂട്ടപ്പെടും. അവര്‍
ആരാണ്?
തുഹ്‌ഫത്തുല്‍ അബ്‌റാര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക:
വലത്തോട്ടും ഇടത്തോട്ടും വീഴുന്നവരായി ലഹരി ബാധിതരെ പോലെ ഒരുമിച്ചു കൂട്ടപ്പെടുന്ന
ചിലരുണ്ട്. അവര്‍ അല്ലാഹുവിന്റെ ബാധ്യത തടയുന്നവരാണ്.
വയറുകള്‍ പര്‍വ്വതസമാനമായി ഒരുമിച്ചു കൂട്ടപ്പെടുന്നത് ആരെയാണ്?
ചിലയാളുകളെ ഖബ്‌റുകളില്‍ നിന്ന് ഒരുമിച്ചു കൂട്ടപ്പെടും.
അവരുടെ വയറുകള്‍ പര്‍വ്വത സമാനമായിരിക്കും. പാമ്പുകളും തേളുകളും കൊണ്ട് വയര്‍
നിറക്കപ്പെട്ടിരിക്കും. ഇവര്‍ പലിശ ഭോജികളാണ്. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 94).
സക്കാത്ത് തടയുന്നവരേയും മേല്‍പ്രകാരമാണ് ഒരുമിച്ചു
കൂട്ടപ്പെടുന്നതെന്നത് ശരിയാണോ?
ശരിയാണ്. പക്ഷേ, അവരുട ശരീരം മുഴുവന്‍ തീ കൊണ്ട് പൊള്ളിക്കപ്പെടും. (തുഹ്‌ഫത്തുല്‍
അബ്‌റാര്‍ 94).
വായില്‍ കൂടെ തീ പുറപ്പെടുന്നവരായി ചിലരെ
യാത്രയാക്കപ്പെടുന്നുവെന്നത് നേരാണോ?
അതെ, നേരാണ്. വില്‍പന വാങ്ങലുകളില്‍ കള്ളം പറയുന്നവരാണ്
ഇക്കൂട്ടര്‍. അതിന് പുറമെ അവരുടെ വായില്‍ നിന്നും രക്തം ഒലിക്കുകയും അവരുടെ കുടല്‍മാലകള്‍
താഴെ കിടന്ന് വലിയുകയും ചെയ്യും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 95).
നാവുകളില്ലാത്ത അവസ്ഥയില്‍ ആരെയാണ് ഖബ്‌റില്‍ നിന്നും
ഒരുമിച്ചു കൂട്ടപ്പെടുന്നത്?
ഒരു വിഷയത്തില്‍ സാക്ഷി നില്‍ക്കുകയും സാക്ഷ്യത്വം ആവശ്യമാകുന്ന
സന്ദര്‍ഭത്തില്‍ അത് മറച്ച് വെക്കുകയും ചെയ്യുന്നവരാണ് അവര്‍.
നാവുകളില്ലാത്തതിന് പുറമേ അവരുടെ വായകളില്‍ നിന്നും രക്തവും ചലവും ഒലിച്ചു
കൊണ്ടിരിക്കുകയും ചെയ്യും.
ഗുഹ്യഭാഗങ്ങളിലൂടെ പഴുപ്പും ചോര കലര്‍ന്ന ചലവും ഒലിക്കുന്നത്
ആരിലൂടെയാണ്?
വ്യഭിചാരികളെ കുറിച്ചാണ് അപ്രകാരം
പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 94).
വ്യഭിചാരികളെ മറ്റേതെങ്കിലും രൂപത്തില്‍ വിചാരണക്കായി ഒരുമിച്ചു
കൂട്ടപ്പെടുമോ?
നെഞ്ചിന്റെ മീതെ നാവുകള്‍ പുറപ്പെടുവിക്കപ്പെട്ടതായും അവരുടെ
ഗുഹ്യസ്ഥാനങ്ങള്‍ വലുതായും ഒരുമിച്ചു കൂട്ടപ്പെടുമെന്നും ഇത് സ്വവര്‍ഗ്ഗ
ഭോഗികളിലും കൂടി ഉള്ളതാണെന്നും ചില ഗ്രന്ഥങ്ങളില്‍ കാണാം.
യതീമുകളുടെ ധനം ഭക്ഷിക്കുന്നവരെ ഏത് രൂപത്തിലായിരിക്കും ഖബ്‌റുകളില്‍
നിന്നും ഒരുമിച്ചു കൂട്ടപ്പെടുന്നത്?
മുഖങ്ങള്‍ കറുത്തിരുണ്ടും കണ്ണുകള്‍ കരിനീലിച്ചും വയറുകള്‍ തീ
കൊണ്ട് നിറക്കപ്പെട്ടതുമായിട്ടാണ് യതീമുകളുടെ ധനം ഭക്ഷിക്കുന്നവരെ ഒരുമിച്ചു
കൂട്ടപ്പെടുന്നത് (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 96).
കുഷ്‌ഠരോഗികളായും വെള്ളപ്പാണ്ടുകാരായും
പുനരുദ്ധരിക്കപ്പെടുന്നത് ആരെയാണ്?
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവരെ വെള്ളപ്പാണ്ടുകാരായും
കുഷ്‌ഠരോഗികളായും ഒരുമിച്ചു കൂട്ടപ്പെടും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 96).
മദ്യപാനികളെ ഏത് രൂപത്തിലായിരിക്കും ഖബ്‌റില്‍ നിന്നും
പൂനരുജ്ജീവിപ്പിക്കുക?
കള്ളിന്റെ പാത്രങ്ങള്‍ അവരുടെ കഴുത്തിലും പാന പാത്രം അവരുടെ
കൈകളിലും ബന്ധിക്കപ്പെട്ട നിലയിലാണ് ഖബ്‌റുകളില്‍ നിന്നും മദ്യപാനികളെ ഒരുമിച്ചു
കൂട്ടപ്പെടുന്നത്. ഭൂമിയിലെ ഏത് ശവങ്ങളേക്കാളും ഏറ്റവും ദുര്‍ഗന്ധം
വമിക്കുന്നവരുമായിരിക്കും അവര്‍. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍).
അക്രമികളെ ഏത് രൂപത്തിലായിരിക്കും ഒരുമിച്ചു കൂട്ടപ്പെടുക?
എങ്ങനെയാണോ ജനങ്ങളെ അവര്‍ അക്രമിച്ചത് അതേ രൂപത്തിലായിരിക്കും
അവരെ ഒരുമിച്ചു കൂട്ടപ്പെടുന്നത്. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍).
മുഖം വെളുത്തവരായി ഖബ്‌റുകളില്‍ നിന്നും പുറപ്പെടുവിക്കുന്നത്
ആരൊക്കെയാണ്?
പതിനാലാം രാവിലെ പൗര്‍ണ്ണമിയെ പോലെ മുഖം വെളുത്തവരായി
പുറപ്പെടുവിക്കുന്നവര്‍ ധാരാളം ആളുകളുണ്ട്. ചിലരെ ഇവിടെ കുറിക്കാം. അമ്പിയാക്കള്‍, പഠിച്ചതനുസരിച്ച് സല്‍കര്‍മ്മമനുഷ്‌ഠിച്ച പണ്ഡിതര്‍, ശഹീദന്മാര്‍, ഇസ്‌ലാമിന്റെ ഉന്നമനത്തിനായി പോരാടിയ യോദ്ധാക്കള്‍, ഖുര്‍ആനിനെ വേണ്ട രൂപത്തില്‍ ആദരിച്ച സല്‍കര്‍മ്മികളായ ഖുര്‍ആന്‍
മനഃപാഠമാക്കിയവര്‍,
വേദനകളും രോഗങ്ങളും മറ്റും കൊണ്ട് ബുദ്ധിമുട്ടനുഭവപ്പെട്ടവര്‍, സ്ഥിരമായി വാങ്ക് കൊടുക്കുന്നവര്‍, നീതിമാന്മാരായ പണ്ഡിതര്‍, രഹസ്യമായി ധര്‍മ്മം നല്‍കിയവര്‍, ജുമുഅ ദിവസത്തിന്റെ രാവിലോ പകലിലോ മരണപ്പെട്ടവര്‍, പ്രസവത്തോടെ മരണപ്പെട്ട സ്‌ത്രീ, ഭര്‍ത്താക്കന്മാരുടെ അസാന്നിദ്ധ്യത്തില്‍ തങ്ങളുടെ
ഗോപ്യമാക്കേണ്ടവ സൂക്ഷിച്ചവളും ഭര്‍ത്താക്കന്മാര്‍ക്ക് വഴിപ്പെട്ടവരുമായ
സ്വാലിഹത്തായ ഭാര്യമാര്‍, അല്ലാഹുവിന് ധാരാളമായി ദിക്‌ര്‍ ചൊല്ലിയവര്‍, നോമ്പുകാര്‍ എന്നിങ്ങനെ നീണ്ട നിരയാണ് ഇക്കൂട്ടര്‍.
ഇവരുടെ ഖബ്‌റിടത്തിലേക്ക് മലക്കുകള്‍ ചെല്ലുമെന്നത് ശരിയാണോ?
ശരിയാണ് അല്ലാഹുവിന്റെ കല്‍പന പ്രകാരം മലക്കുകള്‍ ഇവരുടെ ഖബ്‌റിടത്തില്‍
എത്തിച്ചേരുകയും ഇവരെ ആലിംഗനം ചെയ്യുകയും ചെയ്യും. ഇവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗത്തില്‍
തയ്യാര്‍ ചെയ്‌തതിനെ സംബന്ധിച്ച് ഇവരോട് പറയുകയും ചെയ്യും. സുജൂദിന്റെ
ഇടങ്ങളല്ലാത്ത എല്ലാ സ്ഥലങ്ങളില്‍ നിന്നും മലക്കുകള്‍ ഇവര്‍ക്ക് മണ്ണ് തുടച്ചു
കൊടുക്കും. അപ്പോള്‍ ഖബ്‌റില്‍ ഒരു വിളിയാളം കേള്‍ക്കും. ആ മണ്ണ് അവരുടെ ഖബ്‌റിലെ
മണ്ണല്ല. മറിച്ച് അവര്‍ നിസ്‌കരിച്ച ഇടങ്ങളിലെ മണ്ണാണ്. സ്വിറാത്ത് വിട്ടു കടക്കും
വരെയും സ്വര്‍ഗ്ഗത്തില്‍ കടക്കുന്നത് വരേയ്‌ക്കും അവരെ അപ്രകാരം മണ്ണോട് കൂടെ
വിട്ടേക്കുക. അവരെ കാണുന്ന ഏതൊരുത്തരും അവരെന്റെ സേവകരും അടിമകളുമാണെന്ന് അറിയാന്‍
വേണ്ടിയാണ്.
ഖബ്‌റുകളില്‍ നിന്നും വിശന്നവരായിട്ടും ദാഹിച്ചവരായിട്ടും
പുറപ്പെടുവിക്കുന്ന നോമ്പുകാര്‍ക്ക് രിള്വ്‌വാന്‍ (അ) എന്ന മലക്ക് അവരെ
കാണുമ്പോള്‍ ഭക്ഷണം കൊടുക്കുമെന്നത് ശരിയാണോ?
ശരിയാണ്. വിശന്നവരായിട്ടും ദാഹിച്ചവരായിട്ടും നോമ്പുകാരെ
അവരുടെ ഖബ്‌റുകളില്‍ നിന്നും ഞാന്‍ പുറപ്പെടുവിച്ചു. കണ്ടാല്‍ സ്വര്‍ഗ്ഗീയ
ഭക്ഷണവും പഴങ്ങളും നല്‍കണമെന്ന് അല്ലാഹു രിള്വ്‌വാനോട് കല്‍പിക്കും. അപ്പോള്‍
സ്വര്‍ഗ്ഗത്തിലെ കുട്ടികളെ വിളിക്കും. അവര്‍ പ്രകാശത്താലുള്ള പാത്രങ്ങളുമായി
രിള്വ്‌വാന്‍ (അ) ന്റെ അരികില്‍ ഒരുമിച്ചു കൂടും. ആ പാത്രത്തില്‍ സ്വര്‍ഗ്ഗീയ
ഭക്ഷണ പാനീയങ്ങളും പഴവര്‍ഗ്ഗങ്ങളുമുണ്ടാകും. നോമ്പുകാരെ കാണുമ്പോള്‍ അവര്‍ക്ക്
അതില്‍ നിന്നും തിന്നാനും കുടിക്കാനും നല്‍കും. (തുഹ്‌ഫത്തുല്‍ അബ്‌റാര്‍ 97).