Sunday 23 February 2014

കാല്‍ കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ എഴുതുന്നതിന്റെ വിധി

കാല്‍ കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ എഴുതുന്നതിന്റെ വിധി എന്താണ്‌?
                        
രണ്ട്‌ കൈകളെ കൊണ്ടും എഴുതാന്‍ സാധിക്കാത്ത ഒരു വ്യക്തിക്ക്‌ അവന്റെ കാല്‍ കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ എഴുതാമോ? എന്ന ഒരു ചോദ്യം ഉയരുകയുണ്ടായി. അപ്പോള്‍ ശൈഖുനാ ശൗബരീ (റ) യുടെ മറുപടിയാണ്‌ അതിന്‌ നല്‍കപ്പെട്ടത്‌. അദ്ദേഹം പറഞ്ഞു: രണ്ട്‌ കൈകളെ കൊണ്ടും എഴുതാന്‍ സാധിക്കാത്ത ഈ സന്ദര്‍ഭത്തില്‍ കാല്‍ കൊണ്ട്‌ എഴുതുന്നത്‌ ഹറാമല്ല. അത്‌ വിശുദ്ധ ഖുര്‍ആനിനോടുള്ള അവഹേളനമായി കാണാന്‍ പറ്റില്ല. പൂര്‍ണ്ണ നിലയില്‍ എഴുതാന്‍ സാധിക്കുന്നതോടെ മറ്റു രീതികള്‍ അവലംബിക്കുമ്പോഴാണ്‌ നിസ്സാരപ്പെടുത്തല്‍ വരുന്നത്‌. ഇവിടെ അങ്ങനെയില്ലല്ലോ?'' (ശര്‍വാനി 1/107). മുസ്‌ഹഫിലേക്ക്‌ കാല്‍ നീട്ടല്‍ ഹറാമായതിനാല്‍ കാല്‍ കൊണ്ട്‌ ഖുര്‍ആന്‍ എഴുതലും ഹറാമാണെന്ന ചിലരുടെ വാദം അസ്വീകാര്യമാണെന്ന്‌ മേല്‍ വിവരണത്തില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. (ബുജൈരിമി). 
                               ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ഖുര്‍ആനിനെ അവഹേളിക്കല്‍ കടുത്ത ഹറാമും ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോകുന്ന കാര്യവുമാണ്‌. അതിനാല്‍ അവഹേളന രൂപത്തില്‍ അവന്‍ കാല്‍ കൊണ്ട്‌ എഴുതിയാല്‍ അത്‌ കുറ്റകരമാവുന്നതാണ്‌. കൈകള്‍ കൊണ്ട്‌ എഴുതാന്‍ സാധിക്കാതെ വന്നതിന്റെ പേരിലാണ്‌ കാല്‍ കൊണ്ട്‌ എഴുതിയതെങ്കില്‍ അത്‌ അനുവദനീയുമാണെന്ന്‌ സാരം.

No comments:

Post a Comment

ഇതു കൂടെ

more