Saturday, 8 March 2014

ഇദ്ദ


ഇദ്ദ

ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഇദ്ദ ഇരിക്കുക എന്നാല്‍ എന്താണ്‌?
               ഗര്‍ഭാശയം ശൂന്യമാണെന്ന്‌ അറിയാനോ അതല്ലെങ്കില്‍ തഅബ്ബുദ്‌ (ബുദ്ധിക്കും യുക്തിക്കും അതീതമായ മതകല്‍പന) എന്ന നിലയിലോ ഭര്‍ത്താവിന്റെ വേര്‍പാടില്‍ ദുഃഖിതയായി നാല്‌ മാസവും പത്ത്‌ ദിവസവും നിശ്ചിത നിബന്ധനകള്‍ക്ക്‌ വിധേയമായി കഴിഞ്ഞ്‌ കൂടുന്നതിനാണ്‌ ഇദ്ദ എന്ന്‌ പറയുന്നത്‌ (ഫത്‌ഹുല്‍ മുഈന്‍).
ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ എത്ര ദിവസം ഇദ്ദ ഇരിക്കണം?
                   ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ ഇദ്ദയിരിക്കണം. ഗര്‍ഭിണിയല്ലെങ്കില്‍ നാല്‌ മാസവും പത്ത്‌ ദിവസവും ഇദ്ദയിരിക്കണം. (അസ്‌നല്‍ മതാലിബ്‌).
കല്ലായി കോലം മറിക്കപ്പെട്ട ഭര്‍ത്താവിന്റെ പേരില്‍ ഇദ്ദ ഇരിക്കണോ?
മരണത്തിന്റെ ആശയത്തില്‍ പെട്ടതാണ്‌ കല്ലായി കോലം മറിക്കല്‍. (അസ്‌നല്‍ മതാലിബ്‌).
മാസം പരിഗണിക്കുന്നത്‌ ഇംഗ്ലീഷ്‌ കണക്കാണോ അറബി കണക്കാണോ?
             അറബി കണക്ക്‌ പ്രകാരമാണ്‌. അഥവാ ചന്ദ്ര മാസ കണക്ക്‌ പ്രകാരം. 

ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഇദ്ദ ഇരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
              ഭംഗിയുള്ള വസ്‌ത്രങ്ങളും സുഗന്ധങ്ങളും രാത്രിയിലാണെങ്കില്‍ പോലും ഒഴിവാക്കണം. സ്വര്‍ണ്ണം, വെള്ളി, ചെമ്പ്‌ തുടങ്ങി ലോഹങ്ങള്‍ കൊണ്ടോ മറ്റോ നിര്‍മ്മിതമായ ഏത്‌ ആഭരണങ്ങളും ഒഴിവാക്കണം. ചെറിയ മോതിരമായാലും പുറത്ത്‌ വെളിവാകാത്ത തരത്തില്‍ വസ്‌ത്രത്തിന്‌ താഴെയാണെങ്കിലും അവ ഒഴിവാക്കണം. കറുത്തവളാണെങ്കിലും ശരി കണ്ണെഴുതല്‍, സുറുമ ഇടല്‍ ഒഴിവാക്കണം. തലമുടിയിലും താടിരോമമുണ്ടെങ്കില്‍ അതിലും എണ്ണ തേക്കാന്‍ പാടില്ല. തലയല്ലാത്ത മറ്റു സ്ഥലങ്ങളില്‍ എണ്ണ തേക്കല്‍ കുഴപ്പമില്ല. ഭര്‍ത്താവ്‌ മരണപ്പെടുമ്പോള്‍ അവളുണ്ടായിരുന്ന ഭവനത്തില്‍ തന്നെ കഴിഞ്ഞുകൂടണം. സ്വശരീരം തന്റെ കുട്ടി, സമ്പത്ത്‌, എന്നിവയുടെ മേല്‍ ഭയപ്പെട്ടതിന്റെ പേരിലോ വീട്‌ പൊളിയല്‍, തീ പിടിത്തം, കള്ളന്റെ ശല്യം, അയല്‍വാസികള്‍ മുഖേനെയുള്ള ബുദ്ധിമുട്ട്‌ തുടങ്ങിയ കാരണങ്ങളാല്‍ ഇദ്ദക്കാരിക്ക്‌ വീട്‌ മാറിത്താമസിക്കല്‍ അനുവദനീയമാണ്‌ (തുഹ്‌ഫ, ഫത്‌ഹുല്‍ മുഈന്‍).
ആരേയും കാണാത്ത രൂപത്തില്‍ ഇടുങ്ങിയ മുറിയില്‍ കഴിഞ്ഞു കൂടുന്ന രൂപം ഇദ്ദയ്‌ക്കുണ്ടോ?
             ഈ രൂപം ഇസ്‌ലാമിലില്ല. എന്നാല്‍ ജാഹിലിയ്യ കാലത്ത്‌ ഭര്‍തൃ വിയോഗ ഇദ്ദക്ക്‌ വിചിത്രമായ ചില രൂപങ്ങള്‍ ഉണ്ടായിരുന്നതായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌. ഭര്‍ത്താവ്‌ മരണപ്പെട്ടവള്‍ ഒരു ഇടുങ്ങിയ മുറിയില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്‌ത്രം മാത്രമേ ധരിക്കാവൂ. ഇങ്ങനെ ഒരു വര്‍ഷം ആ ഇടുങ്ങിയ മുറിയില്‍ കഴിയണം. വര്‍ഷം തികയുമ്പോള്‍ കഴുതയെയോ ആടിനെയോ പക്ഷിയെയോ അവള്‍ക്ക്‌ നല്‍കപ്പെടും. അവകളെ തടവി അല്ലെങ്കില്‍ അവകളെ കൊണ്ട്‌ അവളുടെ ശരീരം തടവി അതല്ലെങ്കില്‍ അവകളെ കൊണ്ട്‌ അവളുടെ നഗ്നതയില്‍ സ്‌പര്‍ശിച്ച്‌ ഇദ്ദ തീര്‍ക്കും. ഇതിന്‌ ശേഷം അവള്‍ പുറത്തു വരുമ്പോള്‍ ഒട്ടകത്തിന്റെയോ മറ്റു ജീവിയുടെയോ ഉണക്കക്കാഷ്‌ടം അവള്‍ക്ക്‌ കൊടുക്കപ്പെടുകയും അവള്‍ അത്‌ തന്റെ മുന്നിലേക്ക്‌ എറിയും. ഇതോടെ അവളുടെ ഇദ്ദ അവസാനിക്കും. ഇതായിരുന്ന ജാഹിലിയ്യ കാലഘട്ടത്തിലെ ഭര്‍തൃവിയോഗ ഇദ്ദ. മുമ്പൊക്കെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരണം വരിക്കണമെന്ന `സതി' എന്ന ദുരാചാരവും നില നിന്നിരുന്നുവല്ലോ? ഇതിനെ അപേക്ഷിച്ച്‌ ഇസ്‌ലാമിന്റെ ഇദ്ദ എത്ര ലളിതമാണ്‌. 
ഭര്‍ത്താവിന്റെ മരണത്താല്‍ ഇദ്ദ ഇരിക്കുന്ന സ്‌ത്രീ മൈലാഞ്ചി ഇടല്‍ തെറ്റാണോ?
          തെറ്റാണെന്ന്‌ ശര്‍ഹുല്‍ മുഹദ്ദബില്‍ ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്‌.
എന്താണ്‌ ഇഹ്‌ദാദ്‌?
               ഭര്‍ത്താവ്‌ മരണപ്പെട്ട സ്‌ത്രീ ഭംഗിയാകല്‍, സുഗന്ധം ഉപയോഗിക്കല്‍, ആഭരണമണിയല്‍, ഭംഗിയുള്ള വസ്‌ത്രം ധരിക്കല്‍, മൈലാഞ്ചിയിടല്‍, സുറുമയിടല്‍, കണ്‍മഷിയിടല്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനാണ്‌ ഇഹ്‌ദാദ്‌ എന്ന്‌ പറയുന്നത്‌. ഇതിന്‌ ചടഞ്ഞിരിക്കല്‍ എന്നും പറയാം.
ചടഞ്ഞിരിക്കേണ്ട സ്‌ത്രീ കന്യകയോ ചെറുപ്പമോ ആയാലും വിധി ഒന്നാണോ?
ഭര്‍ത്താവുമായി ലൈംഗികമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ചെറുപ്പമായാലും അല്ലെങ്കിലും എല്ലാം വിധി ഒന്ന്‌ തന്നെയാണ്‌ (ശറഹ്‌മുസ്‌ലിം).
ഭര്‍ത്താവിന്റെ പേരിലുള്ള ഇഹ്‌ദാദിന്റെ വിധി എന്ത്‌?
അത്‌ നിര്‍ബന്ധമാണ്‌. (ശര്‍ഹ്‌ മുസ്‌ലിം)
ഭംഗിയാകല്‍ ഒഴിവാക്കുന്നത്‌ എന്തിനാണ്‌?
              ഒരു സ്‌ത്രീ സൗന്ദര്യം പ്രകടിപ്പിക്കേണ്ടത്‌ തന്റെ ഭര്‍ത്താവിന്റെ മുന്നിലാണ്‌. എത്രത്തോളം അവള്‍ക്ക്‌ ഭര്‍ത്താവിന്‌ വേണ്ടി ഭംഗിയാകാമോ അത്രത്തോളം അവള്‍ക്ക്‌ ഭംഗിയാകാം. തന്നോടൊപ്പം കഴിഞ്ഞ, തന്റെ സൗന്ദര്യം ആസ്വദിച്ചിരുന്ന ഭര്‍ത്താവ്‌ മരണപ്പെടുമ്പോള്‍ ഇഹ്‌ദാദിന്റെ ഭാഗമായി അതിന്റെ നേരെ എതിര്‌ നിയമമാക്കപ്പെട്ടതാണ്‌. 
ഭര്‍ത്താവല്ലാത്തവരുടെ മേല്‍ ഇഹ്‌ദാദ്‌ അനുവദനീയമാണോ?
               മകന്‍, പിതാവ്‌, സഹോദരന്‍ തുടങ്ങിയവര്‍ മരണപ്പെടുമ്പോഴും ഇഹ്‌ദാദ്‌ അനുവദനീയമാണ്‌. പക്ഷേ, മൂന്ന്‌ ദിവസത്തില്‍ കൂടാന്‍ പാടില്ല. നബി (സ്വ) തങ്ങള്‍ പറയുന്നു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്‌ത്രീക്ക്‌ തന്റെ ഭര്‍ത്താവല്ലാത്ത മറ്റൊരാളുടെ പേരില്‍ മൂന്ന്‌ ദിവസത്തേക്കാള്‍ കൂടുതല്‍ ഇഹ്‌ദാദ്‌ അനുവദനീയമല്ല. 
ഇത്‌ അല്‍പം കടന്ന നിയമമാണെന്ന്‌ ചിലരെങ്കിലും പറയുന്നു?
അല്ലാഹുവും റസൂലും പറഞ്ഞതിനെ നിസ്സാരവല്‍ക്കരിക്കുന്നത്‌ ദീനില്‍ നിന്നും പുറത്താകാന്‍ കാരണമാണ്‌. ഇസ്‌ലാം ഇത്‌ നിയമമാക്കുന്നതിന്‌ മുമ്പ്‌ ഒരു കൊല്ലമാണ്‌ ഈ ഇഹ്‌ദാദ്‌ നടന്ന്‌ വന്നിരുന്നത്‌ എന്ന്‌ പ്രത്യേകം ഓര്‍മ്മിക്കുക. 

അന്യമതസ്ഥരുമായുള്ള വിവാഹബന്ധത്തിന്റെ വിധി എന്ത്‌?

അന്യമതസ്ഥരുമായുള്ള വിവാഹബന്ധത്തിന്റെ വിധി എന്ത്‌? അവര്‍ക്കിടയില്‍ ജനിക്കുന്ന മക്കള്‍ മുസ്‌ലിമായി ഗണിക്കപ്പെടുമോ? അവരുടെ അമലുകള്‍ സ്വീകാര്യമാണോ?
                ഒരു മുസ്‌ലിം സ്‌ത്രീയെ അന്യമതസ്ഥര്‍ക്ക്‌ വിവാഹം ചെയ്‌തു കൊടുക്കല്‍ ഹറാമാണെന്നത്‌ ഉമ്മത്തിന്റെ ഏകകണ്‌ഠമായ വിധിയാണ്‌. മുസ്‌ലിം പുരുഷന്‍ പ്രത്യേക നിബന്ധനയൊത്ത വേദക്കാരല്ലാത്ത ജൂത-ക്രിസ്‌ത്യാനികള്‍ അന്യമതസ്ഥയെ വിവാഹം ചെയ്യലും ഹറാമും അസാധുവുമാണ്‌. 
വിവാഹബന്ധത്തിലുള്ള തടസ്സങ്ങളില്‍ പെട്ടതാണ്‌ സത്യനിഷേധം (കുഫ്‌റ്‌). അതിനാല്‍ ഇരുവേദക്കാരല്ലാത്തവരുമായുള്ള വിവാഹബന്ധം ഹറാമാണ്‌ (അസ്‌നല്‍ മത്വാലിബ്‌). വിവാഹം ചെയ്യപ്പെടുന്ന സ്‌ത്രീ മുസ്‌ലിമായവളോ തനിച്ച വേദക്കാരിയോ ആരല്‍ നിബന്ധനയാണ്‌. അതിനാല്‍ തന്റെ പൂര്‍വ്വ പിതാവ്‌ മൂസാ നബി (അ) യുടെ ശരീഅത്തില്‍ പ്രവേശിച്ചത്‌ ഈസാ നബി (അ) യുടെ പ്രവാചകത്വത്തിന്‌ ശേഷം അറിയപ്പെടാതിരിക്കണമെന്ന നിബന്ധനയോടെ ഇസ്‌റാഈലീ സ്‌ത്രീയെയും അവളുടെ പൂര്‍വ്വ പിതാവ്‌ ഈസാനബി (അ) യുടെ പ്രബോധനത്തിന്‌ മുമ്പ്‌ മൂസാ നബി (അ) യുടെ ശരീഅത്തില്‍ പ്രവേശിച്ചവനാണെന്ന അറിയപ്പെടണമെന്ന നിബന്ധനയോടെ ഇസ്‌റാഈല്യര്‍ അല്ലാത്ത സ്‌ത്രീയെയും ഒരു മുസ്‌ലിമിന്‌ വിവാഹം ചെയ്യല്‍ കറാഹത്തോട്‌ കൂടെയാണെങ്കിലും അനുവദനീയമാണ്‌. (ഫത്‌ഹുല്‍ മുഈന്‍). ഈ നിബന്ധനയൊക്കാത്ത വേദക്കാരിയെയോ അല്ലാത്ത അമുസ്‌ലിം സ്‌ത്രീകളെയോ ഒരു മുസ്‌ലിമിന്‌ വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ വിവാഹം ചെയ്‌താല്‍ അത്‌ അസാധുവും അവര്‍ക്കിടയിലെ ബന്ധം വ്യഭിചാരവുമാണ്‌. അവര്‍ക്കിടയിലുണ്ടാകുന്ന കുട്ടികള്‍ ജാരസന്തതികളുമാണ്‌. 
ഈ അവിഹിത ബന്ധത്തില്‍ പെണ്ണ്‌ മുസ്‌ലിമും പുരുഷന്‍ ഇതര മസ്ഥനുമാണെങ്കില്‍ കുട്ടി മുസ്‌ലിമായി ഗണിക്കപ്പെടും. കാരണം വ്യഭിചാരത്തില്‍ പിറന്ന കുട്ടി ഉമ്മയോടാണ്‌ ചേര്‍ക്കപ്പെടുക. കുട്ടി മുസ്‌ലിമായി പരിഗണിക്കപ്പെടുമ്പോള്‍ ഒരു മുസ്‌ലിമിന്റെ എല്ലാ നിയമങ്ങളും അവന്‌ ബാധകവും അവന്റെ അമലുകള്‍ സ്വീകാര്യവുമാണ്‌. അവന്‍ മരിച്ചാല്‍ അവന്റെ മേല്‍ മയ്യിത്ത്‌ നിസ്‌കരിക്കുകയും അനുബന്ധ കര്‍മ്മങ്ങള്‍ നടത്തുകയും മുസ്‌ലിംകളെ മറവ്‌ ചെയ്യപ്പെടുന്ന സ്ഥലത്ത്‌ തന്നെ മറവ്‌ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ്‌. കുറ്റകരമായ അവന്റെ ജനനത്തിന്‌ അവന്‍ കുറ്റക്കാരനല്ല. ഇബ്‌നു അബ്‌ദില്‍ ബര്‍റ്‌ (റ) പറഞ്ഞു: മുസ്‌ലിമായ ജാരസന്തതിയുടെ മേല്‍ നിസ്‌കരിക്കേണ്ടതില്ലെന്ന്‌ ബഹു. ഖതാദ (റ) അല്ലാതെ മറ്റാരും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്‌ഹുല്‍ ബാരി). പുരുഷന്‍ മുസ്‌ലിമും പെണ്ണ്‌ അന്യമതസ്ഥയുമാണെങ്കില്‍ കുട്ടിയെ മുസ്‌ലിമായി പരിഗണിക്കപ്പെടുകയില്ല. കാരണം ജാരസന്തതികള്‍ പുരുഷനോട്‌ ബന്ധം ചേര്‍ക്കപ്പെടുകയില്ല. മറിച്ച്‌ സ്‌ത്രീയുടെ മതക്കാരനായിട്ടാണ്‌ ഗണിക്കപ്പെടുക. (ഫതാവാ റംലി).

മയ്യിത്ത്‌ നിസ്‌കരിക്കാന്‍ വസ്വിയ്യത്ത്‌




ഒരാള്‍ തന്റെ മയ്യിത്ത്‌ നിസ്‌കരിക്കാന്‍ അന്യനായ ഒരാളോട്‌ വസ്വിയ്യത്ത്‌ ചെയ്‌താല്‍ വസ്വിയ്യത്ത്‌ ചെയ്യപ്പെട്ട വ്യക്തിയാണോ അതോ അടുത്ത ബന്ധുവാണോ അയാളുടെ മയ്യിത്ത്‌ നിസ്‌കരിക്കേണ്ടത്‌?
                  തന്റെ മേല്‍ മയ്യിത്ത്‌ നിസ്‌കരിക്കാന്‍ അടുത്ത ബന്ധുവല്ലാത്ത ഒരാളോട്‌ വസ്വിയ്യത്ത്‌ ചെയ്‌താല്‍ അടുത്ത ബന്ധുവിന്‌ തന്നെ മുന്‍ഗണന നല്‍കണമെന്നതാണ്‌ പ്രബലമായ അഭിപ്രായം. ഭൂരിഭാഗം പണ്ഡിതരും ഈ അഭിപ്രായക്കാരാണ്‌. (റൗള). ഇത്തരം വസ്വിയ്യത്ത്‌ അസ്വീകാര്യമാണ്‌. കാരണം അവന്റെ മേലുള്ള നിസ്‌കാരം അടുത്ത കുടുംബക്കാരുടെയും രക്ഷിതാക്കളുടെയും അവകാശമാണ്‌. ഈ അവകാശം ഹനിച്ചു കൊണ്ടുള്ള വസ്വിയ്യത്ത്‌ നടപ്പിലാക്കപ്പെടാവുന്നതുമല്ല (ശര്‍ഹുല്‍ മുഹദ്ദബ്‌). 



അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?



അഖീഖ അറുത്ത്‌ കൊടുക്കുന്നവര്‍ക്ക്‌ അതില്‍ നിന്ന്‌ ഭക്ഷിക്കാമോ?
                 ഈ വിഷയത്തില്‍ ഉളുഹിയ്യത്തിന്റെ നിയമം തന്നെയാണ്‌ അഖീഖയുടേയും (അസ്‌നല്‍ മത്വാലിബ്‌, മിന്‍ഹാജ്‌). അപ്പോള്‍ നേര്‍ച്ചയാക്കപ്പെട്ടതല്ലെങ്കില്‍ ഭക്ഷിക്കാവുന്നതാണ്‌. ബറക്കത്തിന്‌ വേണ്ടി അല്‍പം മാത്രമെടുത്ത്‌ ബാക്കി മുഴുവന്‍ ധര്‍മ്മം ചെയ്യലാണ്‌ ഏറ്റവും ഉത്തമം. എടുക്കുന്നത്‌ കരളില്‍ നിന്നാവലും അഖീഖയുടെ മൂന്നില്‍ ഒരു ഭാഗത്തേക്കാള്‍ കവിയാതിരിക്കലും ശ്രേഷ്‌ഠമാണ്‌. നേര്‍ച്ചയാക്കപ്പെട്ടതാണെങ്കില്‍ അറുക്കുന്നവനും അവന്റെ ആശ്രിതരും അതില്‍ നിന്ന്‌ ഒന്നും എടുക്കാന്‍ പാടില്ല. അത്‌ മുഴുവനും പാവപ്പെട്ടവര്‍ക്ക്‌ ധര്‍മ്മം ചെയ്യേണ്ടതാണ്‌. (ഫത്‌ഹുല്‍ മുഈന്‍).

ഇതു കൂടെ

more