ജീവിച്ചിരിക്കുന്നവരുടെ സംസാരം ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെന്നത് ശരിയാണോ?
തെറ്റാണ്. കാരണം നിരവധി ഹദീസുകള്‍ കൊണ്ട് മരിച്ചവര്‍ കേള്‍ക്കും എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ബുഖാരി (റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീസ് ഇങ്ങനെ സംഗ്രഹിക്കാം. ബദ്‌റില്‍ കൊല്ലപ്പെട്ടവരുടെയും അവരുടെ പിതാക്കന്മാരുടെയും പേരെടുത്ത് അവരോട് നബി (സ്വ) ചോദിച്ചു: അല്ലാഹുവിനും അവന്റെ റസൂലിനും നിങ്ങള്‍ വഴിപ്പെടുന്നത് നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ? ഞങ്ങളുടെ റബ്ബ് ഞങ്ങളോട് വാഗ്‌ദാനം ചെയ്‌തത് യാഥാര്‍ത്ഥ്യമായി ഞങ്ങള്‍ക്ക് പുലര്‍ന്നു. നിങ്ങളുടെ റബ്ബ് വാഗ്‌ദാനം ചെയ്‌തത് നിങ്ങള്‍ക്ക് ലഭിച്ചുവോ? അപ്പോള്‍ഉമര്‍ (റ) ചോദിച്ചു: ആത്മാക്കളില്ലാത്ത ശരീരങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്?. തിരുനബി (സ്വ) പ്രതിവചിച്ചു: ഞാന്‍ പറയുന്നത് നിങ്ങളേക്കാളും അവര്‍ കേള്‍ക്കും. ഇത് ഖബ്‌റാളികള്‍ കേള്‍ക്കുമെന്നതിന് വ്യക്തമായ തെളിവാണ്. ഈ ഹദീസ് ഇമാം മുസ്‌ലിം (റ) ഉം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതുപോലെ രണ്ട് മലക്കുകള്‍ വന്ന് ഖബ്‌റാളിയോട് ചോദിക്കുമ്പോള്‍ ഖബ്‌റാളികള്‍ കേള്‍ക്കുകയില്ലെങ്കില്‍ പിന്നെ ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്? ബുഖാരി (റ) യും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്‌ത ഹദീസില്‍ ഇങ്ങനെ കാണാം: ``ഒരാളെ ഖബ്‌റില്‍ വെച്ച് (മറമാടിയ ശേഷം) തന്റെ കൂട്ടുകാര്‍ അവനെയും വിട്ടുപിരിയുമ്പോള്‍ അവരുടെ ചെരിപ്പടി ശബ്‌ദം ഖബ്‌റാളി കേള്‍ക്കുക തന്നെ ചെയ്യും''. ഇബ്‌നു ഖയ്യിം അബൂദാവൂദിന്റെ വ്യാഖ്യാനത്തിലും ``റൂഹ്'' എന്ന ഗ്രന്ഥത്തിലും മറ്റു പലതിലും മരിച്ചവര്‍ കേള്‍ക്കും എന്ന് വ്യക്തമായി പറയുന്നുണ്ട്.
``തീര്‍ച്ചയായും അങ്ങ് മരിച്ചവരെ കേള്‍പ്പിക്കുകയില്ല'' ഈ ഖുര്‍ആനിക വചനം മരിച്ചവര്‍ കേള്‍ക്കുകയില്ലെന്നതിന് വ്യകതമായ തെളിവല്ലേ?
ഇതിന് പണ്ഡിത മഹത്തുക്കള്‍ പല രീതിയിലും വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. ഒന്ന് മാത്രം കുറിക്കാം: ഹൃദയം മരിച്ചവരെ താങ്കള്‍ക്ക് കേള്‍പ്പിക്കാന്‍ കഴിയില്ല അഥവാ ഹിദായത്ത് റബ്ബാണ് നല്‍കുന്നത് താങ്കളല്ല എന്നര്‍ത്ഥം. അല്ലാതെ ഖബ്‌റാളികളെ കുറിച്ചല്ല പരാമര്‍ശം.
ചില മയ്യിത്തുകള്‍ ഖബ്‌റില്‍ ജീര്‍ണ്ണിക്കുകയോ നശിക്കുകയോ ചെയ്യുകയില്ലെന്നത് ശരിയാണോ?
അമ്പിയാക്കളുടെ ശരീരം മണ്ണ് തിന്നുകയില്ലെന്ന് അബൂദാവൂദ്, നസാഈ, ഇബ്‌നു മാജ, ദാരിമി, ബൈഹഖി തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. നബി (സ്വ) പറഞ്ഞു: ``നിശ്ചയം അമ്പിയാക്കളുടെ ശരീരം ഭൂമി ഭക്ഷിക്കല്‍ അല്ലാഹു ഹറാമാക്കിയിരിക്കുന്നു''.
ആദം നബി (അ) യെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരിടത്ത് മറമാടിയതും അതുപോലെ യൂസുഫ് നബി (അ) യേയും മറ്റൊരിടത്തേക്ക് മാറ്റി വീണ്ടും മറമാടിയതായി ചരിത്രങ്ങളില്‍ കാണാം. പ്രവാചകന്മാര്‍ക്ക് മാത്രമുള്ള പ്രത്യേകതയല്ല മേല്‍പറഞ്ഞത്. കാരണം സ്വഹാബിവര്യന്‍ ത്വല്‍ഹത്ത് (റ) നെ 30 കൊല്ലങ്ങള്‍ക്ക് ശേഷം ഖബ്‌റില്‍ കണ്ടതായി സ്ഥിരപ്പെട്ടിട്ടുണ്ട്.
അതുപോലെ ഉഹ്‌ദില്‍ 70 പേര്‍ രക്തസാക്ഷികളായി. രണ്ട് പേരെ വീതം ഒരു ഖബ്‌റില്‍ മറമാടാന്‍ നബി (സ്വ) അനുമതി നല്‍കുകയും ചെയ്‌തു. അബ്‌ദുല്ലാഹി ബ്‌നു അംറ് (റ), അംറ് ബ്‌നുല്‍ ജമൂഹ് എന്നിവരെ ഒരു ഖബ്‌റിലാണ് മറമാടിയത്. അവരില്‍ ഒരാള്‍ക്ക് ഒരു മുറിവേറ്റിരുന്നു. 46 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരിടത്തേക്ക് അവരെ മാറ്റി മറമാടേണ്ട ഘട്ടം വന്നപ്പോള്‍ ഖബ്‌ര്‍ തുറന്നു നോക്കി. അവര്‍ക്ക് യാതൊരു വ്യത്യാസവും വന്നിട്ടില്ല. മുറിവ് പൊത്തിപ്പിടിച്ച കൈ എടുത്തു മാറ്റിയപ്പോള്‍ അതില്‍ നിന്നും രക്തം ഒലിച്ചു. കൈ വീണ്ടും അങ്ങോട്ട് തന്നെ മടക്കിയപ്പോള്‍ ചോര നിലച്ചു''. ഈ വിഷയം മാലിക് (റ) തന്റെ മുവത്വഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
മുആവിയ (റ) ന്റെ ഭരണകാലഘട്ടത്തില്‍ ചില ഖബ്‌റുകള്‍ക്കരികില്‍ നടത്തിയ പുരോഗമന പ്രവര്‍ത്തനത്തിന്റെ ഇടയില്‍ ഹംസ (റ) ന്റെ കാലില്‍ ആയുധം കൊണ്ട് മുറിയുകയും ചോര ഒലിക്കുകയും ചെയ്‌ത സംഭവം ഔജസുല്‍ മസാലിക്കില്‍ ഉദ്ധരിക്കുന്നതായി കാണാം.
മദ്‌ഹബിന്റെ ഇമാമായ അഹ്‌മദ് ബ്‌നു ഹന്‍ബല്‍ (റ) ന്റെ സമീപത്തായി മഹത്തുക്കളില്‍ പെട്ട ഒരാളെ മറമാടുന്നതിന് വേണ്ടി ഖബ്‌ര്‍ കുഴിച്ചപ്പോള്‍ അഹ്‌മദ് ബ്‌നു ഹന്‍ബല്‍ (റ) ന്റെ ഭൗതിക ശരീരം വെളിവായി. അദ്ദേഹത്തിനോ കഫന്‍ തുണിക്കോ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ല. ഇത് നടക്കുന്നത് അദ്ദേഹം വഫാത്തായി 230 കൊല്ലങ്ങള്‍ക്ക് ശേഷമാണ്. ഈ വിഷയം മുല്ലാ അലിയ്യുല്‍ ഖാരി (റ) മിര്‍ഖാത്തില്‍ പറയുന്നുണ്ട്. ഇങ്ങനെ നിരവധി തെളിവുകള്‍ ഈ വിഷയത്തില്‍ നിരത്താന്‍ സാധിക്കും.