Friday, 20 December 2013

രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കരിക്കേണ്ടത്‌ എങ്ങനെയാണ് ?

രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കരിക്കേണ്ടത്‌ എങ്ങനെയാണ് ?
                വിശാലമായി വിശദീകരിക്കേണ്ടതാണ്‌ ഇക്കാര്യം. എന്നാലും അത്യാവശ്യം അറിയേണ്ടേത്‌ വിവരിക്കാം. ഇസതിഹാളത്ത്‌ (രോഗസംബന്ധമായി പുറപ്പെടുന്ന രക്തം) പുറപ്പെടുന്ന സ്‌ത്രീ നിസ്‌കാരത്തിന്റെ നിര്‍ബന്ധതയില്‍ നിന്നും ഒഴിവാകുകയില്ല. നോമ്പിന്റെ വിധയും മറ്റൊന്നല്ല. അതുപോലെ ഭാര്യഭര്‍തൃ ബന്ധം രക്തം ഒലിക്കുന്ന സന്ദര്‍ഭത്തിലാണെങ്കിലും അനുവദനീയം തന്നെ. ആ സമയം ശുദ്ധിയുടെ സമയമായി ഗണിക്കപ്പെട്ടതിനാലാണിത്‌. രോഗസംബന്ധമായി രക്തം പുറപ്പെടുന്ന സ്‌ത്രീ നിസ്‌കാരത്തിന്‌ സമയമായാല്‍ ഗുഹ്യഭാഗം കഴുകി ശുദ്ധിയാക്കുകയും പുറത്തേക്ക്‌ വരാത്ത രീതിയില്‍ ഉള്ളില്‍ പഞ്ഞിയോ മറ്റോ വെക്കുകയും ചെയ്യണം. എന്നിട്ടും രക്തം പുറത്തേക്ക്‌ വന്നാല്‍ ഒരു നാട കൊണ്ട്‌ നല്ല രീതിയില്‍ കെട്ടുകയും വേണം. ഉള്ളില്‍ പഞ്ഞിവെക്കലും കെട്ടലും സാധാരണ രീതിയില്‍ സഹിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടാല്‍ ഒഴിവാക്കാവുന്നതാണ്‌. നോമ്പുകാരിയാവുമ്പോള്‍ പഞ്ഞി വെക്കുന്നത്‌ ഒഴിവാക്കി പുറമെയുള്ള കെട്ട്‌ മാത്രമേ ചെയ്യാവൂ. ഭദ്രമായി പഞ്ഞി വെച്ച്‌ കെട്ടിയ ശേഷം നിസ്‌കാരത്തിന്‌ മുമ്പോ നിസ്‌കാരത്തിലോ രക്തം പുറപ്പെട്ടാല്‍ പ്രശ്‌നമില്ല. പഞ്ഞി വെച്ച്‌ കെട്ടിയ ഉടനെ വുളൂ എടുക്കുകയും നിസ്‌കരിക്കുകയും വേണം. മറ്റ്‌ കാര്യങ്ങളില്‍ വ്യാപൃതമാകാന്‍ പാടില്ല. എന്നാലും ഔറത്ത്‌ മറക്കുക, ഇഖാമത്ത്‌ കൊടുക്കുക, ജമാഅത്ത്‌ പ്രതീക്ഷിക്കുക തുടങ്ങി നിസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ താമസം ആകാവുന്നതാണ്‌. അല്ലാത്തതിന്‌ വേണ്ടി താമസിപ്പിച്ചാല്‍ വീണ്ടും യോനിയില്‍ പഞ്ഞിവെച്ച്‌ കെട്ടല്‍ നിര്‍ബന്ധമാകും. ഓരോ ഫര്‍ള്‌ നിസ്‌കാരത്തിനും വേണ്ടി പ്രത്യേകം കഴുകുകയും വെച്ച്‌ കെട്ടുകയും വുളൂ എടുക്കുകയും വേണം. അഥവാ ഒരു വൂളൂഅ്‌ കൊണ്ട്‌ ഒരു ഫര്‍ളേ നിസ്‌കരിക്കാന്‍ പറ്റുകയുള്ളൂ. സുന്നത്ത്‌ എത്ര വേണമെങ്കിലും നിര്‍വ്വഹിക്കാം. നിസ്‌കാരസമയം കഴിയുന്നതിന്‌ മുമ്പ്‌ രക്തം നില്‍ക്കുന്ന സമയമുണ്ടാകുന്ന പക്ഷം ആ സമയം തന്നെ നിസ്‌കാരത്തിനായി വിനിയോഗിക്കല്‍ നിര്‍ബന്ധമാണ്‌ (തുഹ്‌ഫ, ശര്‍വാനി, ബുജൈരിമി)

No comments:

Post a Comment

ഇതു കൂടെ

more